Connect with us

Kerala

ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി

Published

|

Last Updated

കൊച്ചി: ജഡ്ജിമാരെ കുറിച്ച് ഡി ജി പി ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി. സംഭവത്തില്‍ ജേക്കബ് തോമസ് അടുത്ത മാസം രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെ ജേക്കബ് തോമസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കേസില്‍ അഡ്വ. ജനറല്‍ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ നിന്ന് തനിക്കെതിരെ തുടര്‍ച്ചയായി പരാമര്‍ശങ്ങളുണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനര്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതി നല്‍കിയതിന് പിന്നാലെയാണ് കോടതിയലക്ഷ്യ നടപടി.

സര്‍ക്കാറിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് വകുപ്പ് തല അന്വേഷണവും നേരിടുകയാണ്. ഇതിനിടെയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

പാറ്റൂര്‍ ഭൂമിയിടപാടില്‍ അഴിമതിയാരോപിച്ചുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഭ്യൂഹങ്ങളും തെറ്റായ പ്രസ്താവനകളും ആധാരമാക്കിയുള്ള എഫ് ഐ ആര്‍ റദ്ദാക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കോടതിയില്‍ വിശദീകരണം നല്‍കാതെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസത്തിന് മുതിര്‍ന്നതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് തോമസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.