കളി കാര്യവട്ടത്ത്

ഇന്ത്യ- വിന്‍ഡീസ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടല്‍
Posted on: March 21, 2018 6:27 am | Last updated: March 20, 2018 at 11:36 pm

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ഇന്ത്യ- വിന്‍ഡീസ് ക്രിക്കറ്റ് ഏകദിന മത്സര വേദി സംബന്ധിച്ച് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന കായിക വകുപ്പ് നേരിട്ട് ഇടപടുന്നു. മത്സരം കൊച്ചിയില്‍ നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ നീക്കത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കായിക വകുപ്പിന്റെ ഇടപെടല്‍. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തന്നെ മത്സരം നടത്താനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഇതോടെ ഇന്ത്യ- വിന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് തന്നെ നടത്താന്‍ സാധ്യത തുറന്നിരിക്കുകയാണ്.

നവംബര്‍ ഒന്നിന് നടക്കുന്ന മത്സര വേദിയായി തിരുവനന്തപുരം സ്റ്റേഡിയമാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് കെ സി എയിലെ ഒരു വിഭാഗം മത്സരം കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന് ആവശ്യവുമായി രംഗത്തെത്തി. കെ സി എയില്‍ ഈ അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചതോടെ ഫുട്‌ബോള്‍ പ്രേമികളും മറ്റും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

വിഷയത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി കായിക മന്ത്രി എ സി മൊയ്തീന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. കൊച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫിന് കോട്ടം വരുത്തുന്ന നടപടികളുണ്ടാകില്ലെന്നും ഫുട്‌ബോള്‍ അധികൃതരുമായി ചര്‍ച്ച ചെയ്‌തേ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും കെ സി എ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാനാണ് സംസ്ഥാന സര്‍ക്കാറിന് താത്പര്യം. ഈ സാഹചര്യത്തില്‍ മത്സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് നിര്‍ദേശിച്ചിട്ടുണ്ടെന്നും കൂടുതല്‍ തര്‍ക്കങ്ങള്‍ കൂടാതെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലപാട് വിശദീകരിക്കാനായി കെ എസി എ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
വിപുലമായ സൗകര്യങ്ങളോട തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിലനില്‍ക്കെ കോടികള്‍ മുടക്കി പണികഴിപ്പിച്ച ഫുട്‌ബോള്‍ ടര്‍ഫ് തകര്‍ത്ത് കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള കെ സി എയുടെ നീക്കത്തിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

കലൂരിനെ കീറേണ്ടെന്ന്
ഫുട്‌ബോള്‍ പ്രേമികള്‍

കെ എം സിജു
കൊച്ചി: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടുകൊടുക്കുന്നതിനെതിരെ ഫുട്‌ബോള്‍ പ്രേമികളും കളിക്കാരും രംഗത്ത്. നവംബര്‍ ഒന്നിന് കേരളത്തിന് അനുവദിച്ച ഇന്ത്യ വിന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നടത്തുന്നതിനോടാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് താത്പര്യം. ഇതിനെതിരെയാണ ഫുട്‌ബോള്‍ പ്രേമികളും കളിക്കാരും രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചിയില്‍ മത്സരം നടത്തുന്നത് അനൗചിത്യമാണന്നാണ് കളിപ്രേമികളുടെ പക്ഷം.

ഐ എസ് എല്‍- കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതരുമായി ഇന്ന് നടക്കുന്ന ചര്‍ച്ചക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. നവംബര്‍ ആദ്യവാരം തന്നെ ഐ എസ് എല്‍ അഞ്ചാം സീസണ്‍ മത്സരങ്ങളും തുടങ്ങുന്നതാണ് ക്രിക്കറ്റിന് തിരിച്ചടിയായത്.

25 കോടി മുടക്കിയാണ് അണ്ടര്‍ 17 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കലൂര്‍ സ്റ്റേഡിയം അന്തര്‍ ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. അന്തര്‍ദേശിയ നിലവാരമുള്ള ഗ്രൗണ്ട് കുത്തിപ്പൊളിക്കുന്നതിനെതിരെ ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പ്രതിഷേധവുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഐ ലീഗ് രണ്ടാം ഡിവിഷന്‍ മത്സരം നടക്കുന്നതിനിടെയാണ് മഞ്ഞപ്പട സ്റ്റേഡിയത്തില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയത്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂം, സി കെ വിനീത്, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ കലൂര്‍ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ഫുഡ്‌ബോളിനായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയം ഫിഫ നിലവാരത്തിലാക്കാന്‍ ചെലവിട്ട സമയത്തെയും പണത്തെയും കുറിച്ച് ഓര്‍ക്കണമെന്നും ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചിയിലെ ഫുട്‌ബോള്‍ സ്റ്റേഡിയം തിരഞ്ഞെടുത്തത് എന്തിനാണെന്നും ഒരു ഫുട്‌ബോള്‍ മത്സരം മാത്രം നടത്താനായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ ഗ്രൗണ്ട് കുത്തിപ്പൊളിക്കുമോയെന്നും അദ്ദേഹ ചോദിച്ചു. മുന്‍ ഇന്ത്യന്‍ താരം ഐ എം വിജയന്‍, കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം സി കെ വിനീത്, ശശി തരൂര്‍ എം പി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ തുടങ്ങിയവരും സാമൂഹിക മാധ്യമങ്ങളിലൂട പ്രതികണം നടത്തി. ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് തന്നെ നടത്തുന്നതാണ് ഉചിതമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്തും പ്രതികരിച്ചു.

ഫുഡ്‌ബോള്‍ ഗ്രൗണ്ട് പൊളിക്കുന്നതിനെതിരെ സേവ് കൊച്ചി ടര്‍ഫ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കലൂരില്‍ പന്തുരുളട്ടെ: സച്ചിന്‍

കലൂര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മതിയെന്ന് സച്ചിന്‍. ട്വിറ്ററിലാണ് ടെണ്ടുല്‍ക്കര്‍ നിലപാടറിയിച്ചത്. ഫിഫ അംഗീകരിച്ച കൊച്ചിയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിന് കേടുപറ്റുമോയെന്ന് ആശങ്കയുണ്ട്. ഫുട്‌ബോള്‍, ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശയുണ്ടാക്കാത്ത തീരുമാനമെടുക്കണമെന്ന് കെ സി എയോട് അദ്ദേഹം ആവശ്യപ്പെട്ടു.