ഫെഡറര്‍ വീണു, ഡെല്‍ പൊട്രോ ചാമ്പ്യന്‍

Posted on: March 20, 2018 6:14 am | Last updated: March 20, 2018 at 12:19 am
SHARE

വാഷിംഗ്ടണ്‍ : പതിനേഴ് മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററര്‍ക്ക് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ തടയിട്ടു. ഇന്ത്യന്‍വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് ഫെഡററെ വീഴ്ത്തി ഡെല്‍പോട്രോ ചാമ്പ്യനായത്.
ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഡെല്‍പോട്രോയുടെ മിന്നും വിജയം. സ്‌കോര്‍: 6-4, 5-7, 7-6. 2018ല്‍ ഫെഡററെ കൊമ്പുകുത്തിക്കുന്ന ആദ്യതാരമായി ഡെല്‍പോട്രോ മാറി. പോരാട്ടം രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്നു. ഇന്ത്യന്‍വെല്‍സില്‍ ആറാം കിരീടം തേടിയാണ് ഫെഡറര്‍ ഫൈനലിന് ഇറങ്ങിയത്. ആദ്യസെറ്റ് 6 -4നു സ്വന്തമാക്കിയ അദ്ദേഹം തുടക്കം ഗംഭീരമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം സെറ്റില്‍ ഡെല്‍പോട്രോ ഉജ്ജ്വലമായി തിരിച്ചുവന്നു.

ടൈബ്രേക്കറില്‍ 7-5ന് സെറ്റ് ഡെല്‍പോട്രോ പിടിച്ചെടുത്തതോടെ അവസാന സെറ്റ് നിര്‍ണായകമായി മാറി. മറ്റൊരു ടൈബ്രേക്കറില്‍ 7-6ന് ഫെഡററെ അടിയറവ് പറയിച്ച് അര്‍ജന്റീന താരം ജേതാവാകുകയായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഡെല്‍പോട്രോയുടെ ആദ്യ എടിപി കിരീടവിജയമാണിത്. കഴിഞ്ഞ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാമായ യുഎസ് ഓപ്പണില്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഡെല്‍പോട്രോ ഫെഡററെ വീഴ്ത്തിയിരുന്നു. അതിനു ശേഷം ബാസെലില്‍ നടന്ന ടൂര്‍ണമെന്റില്‍ ഡെല്‍പോട്രോയോട് ഫെഡറര്‍ കണക്കുതീര്‍ത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here