ആറടിച്ച് റയല്‍

ക്രിസ്റ്റ്യാനോക്ക് അമ്പതാം ഹാട്രിക്ക്
Posted on: March 20, 2018 6:07 am | Last updated: March 20, 2018 at 12:12 am
റയലിനായി സ്‌കോര്‍ ചെയ്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോളടിയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ക്രിസ്റ്റ്യാനോ നാല് ഗോളുകള്‍ നേടിയ മത്സരത്തില്‍ റയല്‍ 6-3ന് ജിറോണയെ പരാജയപ്പെടുത്തി. 11,47,64,90 മിനുട്ടുകളിലാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ഹാട്രിക്ക്. കരിയറിലെ അമ്പതാം ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ നേടിയത്. വാസ്‌ക്വുസ് (59), ഗാരെത് ബെയ്ല്‍ (86) എന്നിവരും റയലിനായി സ്‌കോര്‍ ചെയ്തു.
സ്റ്റുവാനി (29,67), റാമിറെസ് ലോപസ് (88) എന്നിവരാണ് ജിറോണക്കായി ഗോളുകള്‍ നേടിയത്.

ലാ ലിഗയില്‍ 29 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റ് കരസ്ഥമാക്കിയ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 75 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും 64 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്. 59 പോയിന്റുള്ള വലന്‍സിയയാണ് നാലാം സ്ഥാനത്ത്.
വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 11 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് ക്രിസ്റ്റിയാനോ സ്‌കോര്‍ ചെയ്തത്. ലുകാസ് വാസ്‌ക്വുസിന് ഗോളൊരുക്കിയും ക്രിസ്റ്റിയനോ താരമായി.

അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ഒരു ഗോളെങ്കിലും സ്‌കോര്‍ ചെയ്യാന്‍ ക്രിസ്റ്റിയാനോക്ക് സാധിച്ചിട്ടുണ്ട്. ലാ ലിഗയില്‍ 22 ഗോളുകളായി റയല്‍ സൂപ്പര്‍ താരത്തിന്. ബാഴ്‌സലോണയുടെ ലൂയിസ് സുവാരസിനേക്കാള്‍ ഒരു ഗോള്‍ മുകളില്‍. അതേ സമയം, ബാഴ്‌സയുടെ മെസിയേക്കാള്‍ മൂന്ന് ഗോള്‍ പിറകിലും.