മൃതദേഹം കൊണ്ടുപോകാന്‍ എയര്‍ അറേബ്യ തുക ഏകീകരിച്ചു

Posted on: March 19, 2018 9:09 pm | Last updated: March 19, 2018 at 9:09 pm

ദുബൈ: യു എ ഇ യില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് എയര്‍ അറേബ്യ തുക നിജപ്പെടുത്തി. എയര്‍ അറേബ്യയില്‍ 1100 ദിര്‍ഹം നല്‍കിയാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാം. നേരത്തേ മൃതദേഹം തൂക്കിനോക്കിയാണ് തുക തീരുമാനിച്ചിരുന്നത്. എയര്‍ ഇന്ത്യ ഇതുവരെ തുക തീരുമാനിച്ചിട്ടില്ല. എയര്‍ ഇന്ത്യയുടെ കാര്‍ഗോ ഏജന്‍സിയായ അറേബ്യന്‍ ട്രാവല്‍സ്, മൃത ദേഹം തൂക്കി നോക്കാതെ നിരക്ക് ഈടാക്കുന്നതിന് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അമ്പതു വയസ്സിനു താഴെ ആണെങ്കില്‍ 800 ദിര്‍ഹവും അമ്പതിനു മുകളിലാണെങ്കില്‍ ആയിരം ദിര്‍ഹവുമാണ് ഉദ്ദേശിക്കുന്നത് എന്നാണറിവ്.

തൂക്കി നോക്കി മൃതദേഹം കൊണ്ടു പോകുന്നതിനു ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയിരുന്നത് എയര്‍ അറേബ്യ തന്നെ. കേരളത്തിലേക്ക് ശരാശരി കിലോക്ക് 14 ദിര്‍ഹം ആണ് ഈടാക്കിയിരുന്നത്. സാധാരണ പെട്ടി അടക്കം 100 കിലോ ഭാരമാണ് ഉണ്ടാവുക. ആ നിലയില്‍ ഏതാണ്ട് 300 ദിര്‍ഹം കുറവാണ് നിരക്ക് ഏകീകരണത്തിലൂടെ സംഭവിക്കുന്നത്. ഷാര്‍ജയില്‍ നിന്നാണ് എയര്‍ അറേബ്യക്കു മിക്ക വിമാനങ്ങള്‍ എന്നതും എയര്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലേക്ക് അധികം സര്‍വീസ് ഇല്ലായെന്നതും മാത്രമാണ് പരിമിതി.
കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുള്ള എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നിരക്ക് ഏകീകരിച്ചാലേ മലയാളികള്‍ക്ക് ആശ്വാസകരമാകൂ. കേരളത്തിലേക്ക് കിലോക്ക് 18 ദിര്‍ഹമാണ് ശരാശരി ഈടാക്കി വരുന്നത്. അതേ സമയം, ചില സ്വകാര്യ വിമാനങ്ങള്‍ കിലോക്ക് 35 ദിര്‍ഹം വരെ ഈടാക്കുന്നു.

യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങള്‍ തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കുന്ന ആദ്യ വിമാന കമ്പനിയാണ് ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ. ഷാര്‍ജ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള എയര്‍ അറേബ്യയുടെ കാര്‍ഗോ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് മൃതദേഹത്തോടുള്ള അനാദരവാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ രീതി മാറ്റണമെന്നും സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കണമെന്നുമുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും വര്‍ഷങ്ങളായി ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയാണ്. പാക്കിസ്ഥാന്‍ അടക്കമുള്ള പല രാജ്യങ്ങളിലേയും വിമാനകമ്പനികള്‍ സൗജന്യമായാണ് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.