ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ മാണിക്ക് വിലകൂടി: ജയശങ്കര്‍

Posted on: March 19, 2018 1:56 pm | Last updated: March 20, 2018 at 10:49 am

തിരുവനന്തപുരം: യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളിലൊന്നിലേക്ക് ചേക്കേറാനൊരുങ്ങുന്ന മാണിയെ ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടിയെന്ന് ജയശങ്കര്‍ പറയുന്നു. തെറ്റുതിരുത്തി മാണി യുഡിഎഫിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസെന്നും ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂര്‍ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബിജെപിയുടെ മനോരഥം. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കര്‍ഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കര്‍ഷക താല്പര്യം മുന്‍നിര്‍ത്തി മാവോയിസ്റ്റുകളുമായും യോജിക്കും- ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടി.

മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മലപ്പുറത്തും വേങ്ങരയിലും പ്രകടിപ്പിച്ച മഹാമനസ്‌കത തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വത്തിക്കാന്റെ ഇടപെടലിനായി പ്രാര്‍ത്ഥിക്കുന്നു.

മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂര്‍ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബിജെപിയുടെ മനോരഥം. നായാടി നമ്പൂതിരി സഖ്യത്തില്‍ നസ്രാണിയെ കൂടി ഉള്‍പ്പെടുത്താമെന്ന് മനുസ്മൃതിയിലുണ്ട്.

മഹാത്മാ മാണി ഇതുവരെ ആര്‍ക്കും പിടികൊടുത്തിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടോ ബിജെപിയോടോ തൊട്ടുകൂടായ്മയില്ല, യുഡിഎഫിലേക്കു മടങ്ങിപ്പോകാനും മടിയില്ല.
കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കര്‍ഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കര്‍ഷക താല്പര്യം മുന്‍നിര്‍ത്തി മാവോയിസ്റ്റുകളുമായും യോജിക്കും.