Connect with us

National

ഉപതിരഞ്ഞെടുപ്പ് ഫലം: യോഗി സര്‍ക്കാറിന് അമിത് ഷായുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍ അല്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നയ പരിപാടികളുടെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് യോഗി പറഞ്ഞു. ഫലം ഒരു പാഠം തന്നിട്ടുണ്ടെന്നും ഭാവി തിരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാമെന്ന ആത്മവിശ്വാസം നല്‍കുന്നുമുണ്ടെന്നും യോഗി പറഞ്ഞു.

ബി ജെ പിയുടെ വോട്ട് ബേങ്കില്‍ എസ് പി- ബി എസ് പി ഐക്യം ആഘാതമേല്‍പ്പിച്ചിട്ടില്ല. എസ് പി- ബി എസ് പി ധാരണ ഒരു സഖ്യമല്ല, മറിച്ച് രാഷ്ട്രീയ ഇടപാടാണ്. രണ്ട് പാര്‍ട്ടികളും സംസ്ഥാനത്തെ നശിപ്പിച്ചത് എല്ലാവര്‍ക്കുമറിയാം. ഇവരുടെ ഐക്യത്തെ സംബന്ധിച്ച് പ്രചാരണഘട്ടത്തില്‍ ഉന്നയിച്ച വിമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇരുകൂട്ടരും സ്വകാര്യ കമ്പനികളാണ്. ഏകാംഗ പ്രകടനവും ജനാധിപത്യവിരുദ്ധതയും കുടുംബാധിപത്യവുമാണ് ഇവയുടെ മുഖമുദ്രയെന്നും യോഗി പറഞ്ഞു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശെന്നും തിരഞ്ഞെടുപ്പ് ഫലത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നു ഇത്. ബി ജെ പി സര്‍ക്കാറുകളില്‍ മികച്ചതാണ് യു പി.
എന്നാല്‍, ഉപതിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. അത് ഇഴകീറി പരിശോധിക്കുമെന്നും അമിത് ഷാ പറഞ്ഞു.