Connect with us

Kerala

എല്‍ ഡി ക്ലാര്‍ക്ക് നിയമനം: 27ന് മുമ്പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി-മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: റാങ്ക് പട്ടികയുടെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കാനിരിക്കെ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ആയിരങ്ങള്‍ ആശങ്കയില്‍. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന വീഴ്ചയാണ് നിയമനത്തിന് തടസ്സമായത്. നിലവിലെ റാങ്ക് പട്ടികയില്‍ നിന്ന് താരതമ്യേന നിയമനം കുറഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതോടെ ഉദ്യോഗാര്‍ഥികള്‍ ആശ്വാസത്തിലാണ്.
എല്ലാ ജില്ലകളിലെയും എല്‍ ഡി ക്ലാര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി നിയമനം നടത്താന്‍ ഒഴിവുകളെല്ലാം മാര്‍ച്ച് 27ന് മുമ്പ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പ് സെക്രട്ടറിമാര്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പൊതുഭരണ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവെച്ച ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് 27ന് അഞ്ച് മണിക്ക് മുമ്പ് പൊതുഭരണ വകുപ്പിനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. എല്‍ ഡി സി റാങ്ക് പട്ടികയുടെ കാലാവധി ഇനി പത്ത് ദിവസം മാത്രമാണ് ശേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പോലീസില്‍ പോലും നിയമനങ്ങള്‍ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യ വകുപ്പിലെ ഇരുനൂറോളം ഒഴിവുകള്‍ നികത്തിയതും ആശ്രിത നിയമനം വഴി തന്നെ.

സൂപ്പര്‍ ന്യൂമററിയും
ആശ്രിത നിയമനവും

മുന്‍ റാങ്ക് പട്ടികയുടെ കാലത്ത് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നടത്തിയ നിയമനം, ആശ്രിത നിയമനം, സ്ഥലംമാറ്റം എന്നിവയും നിലവിലെ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനത്തിന് തടസ്സമായി. 2015 മാര്‍ച്ച് മുപ്പത് വരെ നിലവിലുണ്ടായിരുന്ന റാങ്ക് പട്ടികയില്‍ നിയമനം നടത്താന്‍ 2015 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാര്‍ച്ച് മുപ്പതിന് അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനവും നടത്തി. മാത്രമല്ല, ആശ്രിത നിയമനത്തിന് ലഭിച്ച അപേക്ഷകളില്‍ നിയമന ഊഴം കണക്കാക്കാതെ മുന്‍കൂട്ടി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തി. സൂപ്പര്‍ ന്യൂമററി തസ്തികയില്‍ പ്രവേശിച്ചവരെ ഇപ്പോള്‍ നിലവിലുള്ളതും 2015 മാര്‍ച്ച് 31ന് പ്രാബല്യത്തില്‍ വന്നതുമായ ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലയളവിലുണ്ടായ ഒഴിവുകളില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ച് അന്തര്‍ ജില്ല, അന്തര്‍ വകുപ്പ് മാറ്റങ്ങള്‍ക്ക് ഒഴിവുകള്‍ നീക്കിവെക്കുന്നതും എല്‍ ഡി സി നിയമനത്തെ ബാധിക്കുന്നുണ്ട്. ഒഴിവുണ്ടാകുമ്പോള്‍ ആദ്യത്തേത് റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നല്‍കി മാത്രമേ മറ്റു വിഹിതത്തിന് പരിഗണിക്കാവൂവെന്ന നിര്‍ദേശമാണ് കാറ്റില്‍ പറത്തുന്നത്. ഇത് വ്യാപകമായി ലംഘിക്കുന്നതായി പരാതിപ്പെട്ടിട്ടും വകുപ്പു മേധാവികള്‍ നടപടിക്ക് മുതിരുന്നില്ല.

മാര്‍ച്ച് 31ന് പുതിയ റാങ്ക് പട്ടിക

എല്‍ ഡി സിയുടെ പുതിയ റാങ്ക് പട്ടിക മാര്‍ച്ച് 31ന് തന്നെ പുറത്തിറക്കാനുള്ള നീക്കവുമായി പി എസ് സി മുന്നോട്ടുപോകുകയാണ്. അതിനാല്‍ നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍ പ്രായോഗികമല്ല. പുതിയ റാങ്ക് പട്ടിക തയ്യാറായിട്ടുണ്ടെങ്കില്‍ ഇതിന് കഴിയുകയുമില്ല. റാങ്ക് പട്ടിക നീട്ടണമെന്ന ശിപാര്‍ശ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുമില്ല.
അതേസമയം, നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി കഴിയും മുമ്പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഇവര്‍ക്ക് മാര്‍ച്ച് 31ന് ശേഷവും നിലവിലെ പട്ടികയില്‍ നിന്ന് തന്നെ നിയമനം നല്‍കാന്‍ കഴിയും. ഇത് കൂടി കണക്കിലെടുത്താണ് ഒഴിവുകള്‍ 27ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

നിയമനം 900 മാത്രം

നാല്‍പ്പതിനായിരത്തോളം പേരുള്ള റാങ്ക് പട്ടികയില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടെ ഏതാണ്ട് തൊള്ളായിരം പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. എല്‍ ഡി സി പട്ടികകളില്‍ ഏറ്റവും കുറവ് നിയമനം നടന്ന പട്ടികയായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും നിയമനങ്ങള്‍ കുറയാനുള്ള കാരണമായി.