Connect with us

Kerala

ഇടുക്കിയിലെ അനധികൃത ട്രക്കിംഗിനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്

Published

|

Last Updated

തൊടുപുഴ: ഇടുക്കി ജില്ലയിലെ അനധികൃത ട്രക്കിംഗിനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ മുഴുവന്‍ ട്രക്കിങ് സ്ഥാപനങ്ങള്‍ക്കും ട്രീ ഹൗസുകള്‍ക്കും അതതു തഹസീല്‍ദാര്‍മാര്‍ നോട്ടീസ് നല്‍കി. വനമേഖലയിലുള്ള മുഴുവന്‍ ട്രക്കിങ്ങും നിരോധിച്ചതിനു പിന്നാലെയാണ് നടപടി. നിശ്ചിത ദിവസത്തിനകം വിശദീകരണം നല്‍കാത്ത പക്ഷം ഇവ അടച്ചുപൂട്ടിയേക്കും.

ഇടുക്കി തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനിക്കു സമീപം കുരങ്ങിണിമലയില്‍ കഴിഞ്ഞദിവസമുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനെത്തിയ സംഘത്തിലെ 15 പേര്‍ മരിച്ചതിന് പിന്നാലെയാണ് റവന്യൂ കുപ്പിന്റെ നടപടി. തമിഴ്‌നാട് സ്വദേശികളായിരുന്നു അന്ന് അപകടത്തില്‍ പെട്ടത്.

ഉടുമ്പന്‍ ചോല, ദേവികുളം താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ ട്രക്കിംഗും സാഹസിക വിനോദസഞ്ചാരവും നടക്കുന്നത്. ട്രക്കിംഗ് വനമേഖലയിലും സാഹസിക വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികള്‍ സര്‍ക്കാര്‍ ഭൂമിയിലും റവന്യൂ ഭൂമിയിലുമാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം ആനസവാരിയിലൂടെയും ജീപ്പ് സവാരിക്കിടയിലും ജീവഹാനി ഉള്‍പ്പടെയുള്ള അപകടങ്ങള്‍ സംഭവിച്ചിരുന്നു.

 

 

Latest