പാര്‍ലിമെന്റില്‍ ഒമ്പതാം ദിവസവും പ്രതിപക്ഷ പ്രതിഷേധം

Posted on: March 16, 2018 6:27 am | Last updated: March 15, 2018 at 11:39 pm
SHARE

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒമ്പതാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരു സഭകളും പിരിഞ്ഞു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രശ്നങ്ങളും പി എന്‍ ബി തട്ടിപ്പ് കേസ് തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഭരണകക്ഷിയില്‍പ്പെട്ട ടി ആര്‍ എസും ടി ഡി പിയും പ്രതിഷേധം തുടരുകയാണ്. ലോക്സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ആദ്യം സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉച്ചവരെ സഭ നിര്‍ത്തിവെച്ചു. പിന്നീടും പ്രതിഷേധം തുടര്‍ന്നതോടെയാണ് സഭ ഇന്നലത്തേക്ക് പിരിഞ്ഞത്. രാജ്യസഭ രണ്ട് തവണയാണ് നിര്‍ത്തിവച്ചത്. ആദ്യം രണ്ട് മണി വരെ നിര്‍ത്തിവെച്ച് പുനഃരാരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്ന് വരെ വീണ്ടും നിര്‍ത്തി. പിന്നീടും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇന്നലത്തേക്ക് പരിഞ്ഞത്.

അതേസമയം, ചര്‍ച്ചകള്‍ ഒഴിവാക്കിയെങ്കിലും ലോക്‌സഭയില്‍ പേമെന്റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലും സ്പെസിഫിക് റിലീഫ് ഭേദഗതി ബില്ലും സര്‍ക്കാര്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്ലുകള്‍ പാസ്സാക്കിയത്. ഗ്രാറ്റുവിറ്റി പരിധി പത്ത് ലക്ഷമെന്ന നിബന്ധന ഒഴിവാക്കുന്ന ഗ്രാറ്റുവിറ്റി നിയമഭേദഗതിയാണ് പാസ്സാക്കിയത്. ചര്‍ച്ച സാധ്യമാകാത്ത വിധം ബഹളം തുടര്‍ന്നതോടെയാണ് ബില്‍ പാസ്സാക്കാനുള്ള നടപടികളുമായി സ്പീക്കര്‍ മുന്നോട്ട് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here