അരാരിയയിലെ പരാജയത്തിന് പിറകേ ഗുരുതര പ്രതികരണവുമായി കേന്ദ്ര മന്ത്രി

Posted on: March 16, 2018 6:11 am | Last updated: March 15, 2018 at 11:16 pm

പാറ്റ്‌ന: ബിഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി വിജയിച്ചതിന് പിറകേ ഗുരുതര പ്രതികരണവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. അരാരിയ മുസ്‌ലിം പ്രദേശമാണെന്നും ആര്‍ ജെ ഡി ജയിച്ചതോടെ അവിടം തീവ്രവാദികളുടെ കേന്ദ്രമാകുമെന്നും ഗിരിരാജ് പറഞ്ഞു. എന്‍ ഡി എ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അരാരിയയില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം 60,000ലധികം വോട്ടുകള്‍ക്ക് ജയിച്ചു കയറുകയായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി മുഹമ്മദ് തസ്‌ലിമുദ്ദീന്റെ മരണത്തോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തസ്‌ലിമുദ്ദീന്റെ മകനാണ് സര്‍ഫറാസ്.

അരാരിയയിലെ മുസ്‌ലിംകള്‍ തീവ്രവാദപരമായി ചിന്തിക്കുന്നതിന്റെ തെളിവാണ് സര്‍ഫറാസിന്റെ വിജയം. അത്‌കൊണ്ട് എത്രയും വേഗം ഈ പ്രദേശം തീവ്രവാദികളുടെ കേന്ദ്രമായി മാറും- ഗിരിരാജ് സിംഗ് പറഞ്ഞു. നേപ്പാളുമായും ബംഗ്ലാദേശുമായും അതിര്‍ത്തി പങ്കിടുന്ന അരാരിയയെക്കുറിച്ച് ബി ജെ പി നേതാക്കള്‍ നേരത്തെയും ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. അരാരിയ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിടിയിലാണെന്ന് കഴിഞ്ഞയാഴ്ച ബിഹാര്‍ ബി ജെ പി അധ്യക്ഷന്‍ നിത്യാനന്ദ റായി പറഞ്ഞിരുന്നു. ഈ പ്രസ്താവനയില്‍ റായിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഗിരിരാജിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ കോണില്‍ നിന്ന് ഉയരുന്നത്. വോട്ടര്‍മാരെ അവഹേളിക്കുകയാണ് ഗിരിരാജ് ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി റാബ്‌രി ദേവി പറഞ്ഞു. ഗിരിരാജിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി.