ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ യുവതി പിടിയില്‍

Posted on: March 15, 2018 9:21 am | Last updated: March 15, 2018 at 9:21 am
SHARE

മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ നൈജീരിയന്‍ സ്വദേശിനിയെ ബെംഗളൂരുവില്‍ വെച്ച് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലോ പമിലെറിന്‍ ഡെബോറ (23)യാണ് പിടിയിലായത്. പരസ്യ വെബ്‌സൈറ്റില്‍ ഇലക്‌ട്രോണിക് ഉപകരണം വില്‍ക്കാന്‍ പരസ്യം ചെയ്തയാളെ അമേരിക്കയില്‍ നിന്നാണെന്ന് പറഞ്ഞ് ബന്ധപ്പെടുകയും പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് വിശ്വസിപ്പിച്ച് ഉപകരണം കൊറിയര്‍ വഴി കൈക്കലാക്കുകയുമായിരുന്നു പ്രതി. പിന്നീട് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഇന്‍ര്‍ നാഷനല്‍ ട്രാന്‍സ്ഫര്‍ ചാര്‍ജ് എന്ന പേരില്‍ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്. ഈ പരാതിയിലാണ് പ്രതി പിടിയിലായത്.

വിവിധ ഓണ്‍ലൈന്‍ പരസ്യ വെബ്‌സൈറ്റുകള്‍ നിരന്തരം നിരീക്ഷിക്കുന്ന പ്രതികള്‍ വിവിധ സാധനങ്ങള്‍ വാങ്ങാനെന്ന രീതിയില്‍ വ്യാജമായി തയ്യാറാക്കിയ നമ്പറുകള്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടും. സംഘം ബന്ധുക്കള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനാണെന്നും മറ്റും പറഞ്ഞ് സാധനം അയച്ച് കൊടുക്കാന്‍ പറയുകയും കൊറിയര്‍ ചെയ്ത ശേഷം പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തരാമെന്നും മറ്റും വാഗ്ദാനം ചെയ്ത് ഏതെങ്കിലും വിലാസം കൊടുക്കും. ഇത് വിശ്വസിച്ച് സാധനം അയച്ച് കൊടുക്കുന്ന ആളുകള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള വിവിധ ചാര്‍ജുകളെന്ന പേരില്‍ അവര്‍ നല്‍കുന്ന അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറയുകയും അത് വിശ്വസിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പിനിരയാകുകയും ചെയ്യുന്നു.
അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേതും മറ്റുമായി തോന്നുന്ന നമ്പറുകളാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത്. ഇത് വെച്ച് പ്രതികളെ കണ്ടെത്തുകയെന്നത് ശ്രമകരമാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം സി ഐ പ്രേംജിത്ത് നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ എം എസ് പാളയത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസമാണ് കേസിനാസ്പദമായ സംഭവം.
മലപ്പുറം എസ് ഐ. ബി എസ് ബിനുവിന്റെ നേതൃത്വത്തില്‍ എസ് ഐ അബ്ദുല്‍റഷീദ്. സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ശാക്കിര്‍, എന്‍ എം അബ്ദുല്ല ബാബു, വനിതാ സിപിഒ മാരായ ശാലിനി, ശ്യാമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.