ആധാറുമായി ബന്ധിപ്പിക്കുന്നത് വിധിക്ക് ശേഷം മതി

  • ക്ഷേമ പദ്ധതികള്‍ക്ക് നിര്‍ബന്ധം
  • തത്കാല്‍ പാസ്‌പോര്‍ട്ടിന് വേണ്ട
Posted on: March 14, 2018 6:18 am | Last updated: March 14, 2018 at 9:42 am

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ബേങ്ക് അക്കൗണ്ടുകളും ഉള്‍പ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതകാലത്തേക്ക് നീട്ടി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളില്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത് വരെ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ തീരുമാനം നീട്ടിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍ വില്‍ക്കാര്‍, എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് തീയതി നീട്ടി ഉത്തരവിട്ടത്.
ആധാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടക്കിടെ സമയപരിധി നീട്ടിനല്‍കുന്നത് നിര്‍ത്തിവെച്ച് വിധി പ്രസ്താവിക്കുന്നത് വരെ സമയപരിധി നല്‍കുകയാണെന്ന് ബഞ്ചിലെ എ കെ സിക്രി വ്യക്തമാക്കി. ആധാര്‍ സുപ്രീം കോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കുന്ന സമയത്ത് പൗരന്മാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും അവരുടെ സേവനങ്ങള്‍ നഷ്ടപ്പെടില്ലെന്ന ഉറപ്പ് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സബ്‌സിഡി ഉള്‍പ്പെടയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ വിവിധ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സര്‍ക്കാറുകളും നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഈ സമയപരിധി ബാധകമാവില്ല. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതി തീരുമാനം.

അതേസമയം, തത്കാല്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചു. മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താറും ഇന്നലെ കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി. കേസില്‍ വാദം കേള്‍ക്കുന്നത് ഇന്നും തുടരും.

ഭരണഘടനാ ബഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ മാസം 31 വരെയായിരുന്നു മൊബൈല്‍ നമ്പറും ബേങ്ക് അക്കൗണ്ടുകളും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറ് മാസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ സേവനങ്ങളുടെയും പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31ലേക്ക് സുപ്രീം കോടതി നീട്ടിനല്‍കിയത്. നേരത്തെ, സുപ്രീം കോടതിയുടെ മറ്റൊരു ഉത്തരവ് പ്രകാരം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറായിരുന്നു.