Connect with us

National

ഭീമ കൊറേഗാവ് കലാപ കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

മുംബൈ: ഭീമ കൊറേഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സംസ്ഥാന ബന്ദിനിടെയുണ്ടായ ആക്രമണങ്ങളില്‍ കുറ്റാരോപിതരായവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ദ് ദിവസത്തെ സംഘര്‍ഷത്തിനിടെ സ്വത്തുക്കള്‍ക്ക് നഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ഗുരുതരമായ കേസുകള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ സമിതിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നിയമസഭയില്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഭീമ- കൊറേഗാവിന് സമീപം വധു- ബുദ്രുക് ഗ്രാമത്തില്‍ സംഭാജി മഹാരാജ് സ്മാരകത്തിന്റെ അറ്റകുറ്റപ്പണിയും കൈകാര്യവും സര്‍ക്കാര്‍ ഏറ്റെടുക്കും. പുതുവത്സര ദിനത്തിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട് 58 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 162 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡിസംബര്‍ 29ന് സംഭാജിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത ദളിതനായ ഗോവിന്ദ് ഗോപാല്‍ മഹര്‍ (ഗ്വെയ്ക്‌വാദ്) സ്മാരകം തകര്‍ത്തിരുന്നു. 31ന് ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാചരണം പൂനെ നഗരത്തില്‍ എല്‍ഗാര്‍ പരിഷത് സംഘടിപ്പിച്ചിരുന്നു.
ജനുവരി ഒന്നിന് ഭീമ കൊറേഗാവ് ശൗര്യ ദിന്‍ പ്രേരണ അഭിയാന്‍ സംഘടിപ്പിച്ച യുദ്ധത്തിന്റെ വാര്‍ഷികാചരണത്തിനിടെ ഇരു സംഘങ്ങളും ഏറ്റുമുട്ടലുണ്ടായിരുന്നു. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും സംഘര്‍ഷമുണ്ടായി. ഡോ. അംബേദ്കറിന്റെ ചെറുമകന്‍ പ്രകാശ് അംബേദ്കറാണ് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തത്.

Latest