കാട്ടുതീ: കോട്ടയം സ്വദേശികളെ കണ്ടെത്താനായില്ല

Posted on: March 14, 2018 6:04 am | Last updated: March 13, 2018 at 11:00 pm

കോട്ടയം: കുരങ്ങിണിമലയിലുണ്ടായ കാട്ടുതീപ്പിടിത്തത്തില്‍ കാണാതായ കോട്ടയം സ്വദേശികളായ മൂന്ന് പേരെ ഇനിയും കണ്ടെത്താനായില്ല. രണ്ട് സ്ത്രീകളയും കുഞ്ഞിനേയുമാണ് കാണാതായത്. ഇവര്‍ക്കായി ഇടുക്കി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കോട്ടയം സ്വദേശികളായ രേണു, രേണുക, രേണുവിന്റെ മകന്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ചെന്നൈയില്‍ നിന്നുള്ള ട്രക്കിംഗ് സംഘത്തിനൊപ്പം ഇവരമുണ്ടായിരുന്നുവെന്ന് സ്ഥരീകരിച്ചിട്ടുണ്ട്.

എന്നാല്‍, കാട്ടു തീ പടര്‍ന്നുപിടിച്ചപ്പോള്‍ കൂട്ടം തെറ്റിയ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. അതേസമയം രക്ഷപെട്ടോടിയ ഇവര്‍ മീശപുലിമല ഭാഗത്തെത്തി സൂര്യനെല്ലി വഴി കേരളത്തില്‍ എത്തിയിട്ടുണ്ടാവുമെന്നാണ് കേരള പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ കുറിച്ചുള്ള വിവരങ്ങളോ ഫോണ്‍ നമ്പറുകളൊ ഒന്നും തന്നെ വനം വകുപ്പിന്റ പക്കലില്ല. അതുകൊണ്ടു തന്നെ കണ്ടെത്തുകയെന്നത് ശ്രമകരമാണെന്നാണ് മൂന്നാര്‍ ഡി വൈ എസ് പി പറയുന്നത്. പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടാവും. പോലീസ് ആശുപത്രികളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇവരുടെ സഹയാത്രികരുമായി കേരളാ പോലീസ് ബന്ധപ്പെടുന്നുണ്ട്. സംഭവത്തില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ വിലയിരുത്തല്‍. വനപാലകര്‍ക്കെതിരെ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെതന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കാട്ടുതീ പടര്‍ന്നതും ഭീതിജനകമായ സാഹചര്യത്തില്‍ ട്രെക്കിംഗിനായി സംഘം വനത്തില്‍ പ്രവേശിച്ചതുമാണ് മുഖ്യ അന്വേഷണ വിഷയം. സംഘത്തെ കാട്ടിലെത്തിച്ച ഗൈഡ് രാജേഷിനെയും ക്ലബിന്റെ സ്ഥാപകന്‍ പീറ്റര്‍ വാന്‍ ഗെയ്‌നെയും ചോദ്യം ചെയ്യാനാണു തീരുമാനം. മൂന്നു ദിവസത്തിലേറെയായി പ്രദേശത്തു കാട്ടുതീ പടരുന്ന വിവരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു.