Connect with us

Kerala

ചുഴലി ഭീതി

Published

|

Last Updated

തിരുവനന്തപുരം: ശ്രീലങ്കക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയ സാഹചര്യത്തില്‍ കേരള- തമിഴ്‌നാട് തീരങ്ങള്‍ ചുഴലിക്കാറ്റ് ഭീതിയില്‍. ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്ന് സംസ്ഥാനമാകെ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത 48 മണിക്കൂര്‍ ജാഗ്രത പുലര്‍ത്തണമെന്നും വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കടല്‍ക്കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ തിരമാലകള്‍ ഉയരും. എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ ജാഗ്രത പുറപ്പെടുവിച്ചു. കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം, കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കടലില്‍ അപകട സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാറും നാവികസേനയും കോസ്റ്റ് ഗാര്‍ഡും ശക്തമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ തിരുവനന്തപുരത്തും എറണാകുളത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍, ബോട്ട് സര്‍വീസുകള്‍ റദ്ദാക്കി. ബേപ്പൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഇന്നും നാളെയും ലക്ഷദ്വീപിലേക്ക് പുറപ്പെടേണ്ടിയിരുന്ന മൂന്ന് കപ്പലുകളാണ് റദ്ദാക്കിയത്. സ്പീഡ് ബോട്ടുകള്‍ക്കും നിര്‍ദേശം ബാധകമാണ്. നേരത്തെ ക്ലിയറന്‍സ് നല്‍കിയ ഉരുക്കളുടെ അനുമതിയും റദ്ദാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പുതിയ ക്ലിയറന്‍സ് നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ തീരങ്ങളില്‍ വിന്യസിച്ചു. തീരപ്രദേശങ്ങളില്‍ അനൗണ്‍സ് വാഹനങ്ങളിലൂടെ കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം നല്‍കുന്നുണ്ട്. മത്സ്യബന്ധനത്തിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് മടങ്ങാന്‍ നാവികസേന ഹെലിക്കോപ്റ്ററിലൂടെ നിര്‍ദേശം നല്‍കി. ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കടലിലിറങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

റവന്യൂ സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി, ദുരന്തനിവാരണ സേനാംഗങ്ങള്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

നേരിട്ട് ബാധിക്കില്ല;
കനത്ത മഴക്ക് സാധ്യത

ശ്രീലങ്കക്ക് പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരത്തു നിന്ന് 350 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് ശക്തിപ്രാപിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ കേരളത്തിലേയും തെക്കന്‍ തമിഴ്‌നാടിന്റെയും തീര പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ആകാം. ലക്ഷദ്വീപ് ഭാഗങ്ങള്‍ക്ക് മുകളില്‍ രണ്ട് ദിവസം കാറ്റിന്റെ വേഗം വര്‍ധിച്ച് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ ആകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ബുള്ളറ്റിന്‍ പറയുന്നു. ലക്ഷദ്വീപ് വഴി കടന്നുപോകുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സുദേവ് പറഞ്ഞു.

വ്യാഴാഴ്ച വരെ കേരളത്തിലും ലക്ഷദ്വീപിലും മഴക്കോ ഇടിയോടു കൂടിയ മഴക്കോ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കക്കുമിടയില്‍ ന്യൂനമര്‍ദ മേഖല രൂപപ്പെടുന്നുവെന്ന് ശനിയാഴ്ച രാത്രിയോടെയാണ് ആദ്യ മുന്നറിയിപ്പ് ലഭിച്ചത്.