ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയക്ക് ജാമ്യം

  • അഞ്ച് വര്‍ഷത്തെ ജയില്‍ വാസത്തില്‍ നിന്ന് മോചനം
  • വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
Posted on: March 13, 2018 6:22 am | Last updated: March 12, 2018 at 10:44 pm

ധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയക്ക് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ അഞ്ച് വര്‍ഷത്തെ ജയില്‍ വാസം അവസാനിപ്പിച്ച് പുറത്തിറങ്ങാന്‍ ഇവര്‍ക്ക് വഴിയൊരുങ്ങും.

ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി)യുടെ 72കാരിയായ ഈ നേതാവ് കഴിഞ്ഞ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. അനാഥാലയത്തിനു വേണ്ടി സ്വരൂപിച്ച പണം തട്ടിയെടുക്കപ്പെട്ട കേസില്‍ ഇവര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തലസ്ഥാന നഗരിയായ ധാക്കയിലെ പ്രത്യേക ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍.

ഖാലിദ സിയക്ക് നാല് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതായി ഇവരുടെ അഭിഭാഷകന്‍ സൈനുല്‍ ആബിദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്കെതിരായ കോടതിവിധി പുറത്തു വന്ന സമയത്ത്, ബംഗ്ലാദേശിലെ വന്‍ നഗരങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു.

1980കളുടെ മധ്യത്തോടെയാണ് ഖാലിദ സിയ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അക്രമം, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.