മദ്യപിച്ചു പോലീസുകാരനെ അപമാനിച്ച സ്ത്രീക്ക് ആറുമാസം ജയില്‍ വാസം

Posted on: March 12, 2018 9:46 pm | Last updated: March 12, 2018 at 9:46 pm
SHARE

ദുബൈ: പോലീസുകാരനെ അപമാനിച്ച മദ്യപക്ക് ആറുമാസം ജയില്‍ വാസം. ബര്‍ദുബൈയിലെ ഒരു നിശാ ക്ലബ്ബില്‍ മദ്യപിച്ചു വഴക്കുണ്ടാക്കിയ മൊറോക്കന്‍ സ്വദേശിയായ സ്ത്രീയാണ്, ഹോട്ടല്‍ അധികൃതരുടെ ആവശ്യപ്രകാരം രംഗം ശാന്തമാക്കാനെത്തിയ പോലീസുകാരനെ യൂണിഫോം വലിച്ചു കീറുകയും ശകാര വര്‍ഷം നടത്തുകയും ചെയ്തത്. ഒടുവില്‍ വനിതാ പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി രേഖകളില്‍ സംഭവം വിവരിക്കുന്നതിങ്ങനെ; നിശാ ക്ലബില്‍ മദ്യപിച്ചു ബഹളമുണ്ടാക്കുകയും ബില്‍ തുക അടക്കാതിരുന്ന സ്ത്രീയെ ജീവനക്കാര്‍ അനുനയിപ്പിച്ചു ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. ക്ലബ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി ബില്‍ തുക ഒടുക്കുന്നതിനും ശാന്തമായി വീട്ടിലേക്ക് പോകുന്നതിനും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു കൂട്ടാക്കാതിരുന്ന സ്ത്രീ ഉച്ചത്തില്‍ ഒച്ച വെക്കുകയും താന്‍ ഒരു സ്വദേശിയുടെ ഭാര്യയാണെന്നും പറഞ്ഞു പോലീസുകാരന്റെ യൂണിഫോമില്‍ പിടിച്ചു കീറുകയും ചെയ്തു. പോലീസുകാരനെ സഹായിക്കാനെത്തിയ ജീവനക്കാരെയും സ്ത്രീ ആക്രമിക്കുകയും ഫര്‍ണീച്ചറുകള്‍ കേടുപാട് വരുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വനിതാ പോലീസടക്കം കൂടുതല്‍ പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാദം കേട്ട ദുബൈ പ്രാഥമിക കോടതി, മദ്യപിച്ചു പോലീസ് ഉദ്യോഗസ്ഥനെ പൊതു ഇടത്തില്‍ അപമാനിച്ചതിനും മൂന്ന് ജീവനക്കാരെ ആക്രമിച്ചു നിശാ ക്ലബില്‍ കേടുപാടുകള്‍ വരുത്തിയതിനും സ്ത്രീക്ക് ആറുമാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ചാണ് ഹോട്ടലില്‍ ചെന്നത്. മദ്യപിച്ചു വഴക്കുണ്ടാക്കിയ സ്ത്രീ ഹോട്ടല്‍ ജീവനക്കാരെ ആക്രമിച്ചു സാധനങ്ങള്‍ക്ക് കേടുപാട് വരുത്തി. ക്ലബിലെ ബില്‍ തുക ഒടുക്കുന്നതിന് അവര്‍ തയാറായിരുന്നില്ല. നിശാ ക്ലബിലെ തന്നെ മറ്റൊരു ഭക്ഷണ ശാലയിലെ ബില്‍ തുക ഒടുക്കുന്നതിനും സ്ത്രീ തയ്യാറായിരുന്നില്ല. തങ്ങള്‍ ഇടപെട്ട് ബില്‍ തുകയില്‍ ഡിസ്‌കൗണ്ട് നല്‍കാമെന്നാക്കി. എന്നിട്ടും അവര്‍ വഴങ്ങിയില്ല. മാന്യമായി സംസാരിച്ചു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച തന്നെ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമെടുത്തു അപമാനിക്കുകയും യൂണിഫോം വലിച്ചു കീറുകയുമായിരുന്നുവെന്ന് പോലീസുകാരന്‍ കോടതിയില്‍ മൊഴി നല്‍കി.

സ്ത്രീ മദ്യപിച്ചു വഴക്കുണ്ടാക്കി ഹോട്ടല്‍ ഫര്‍ണീച്ചറുകള്‍ കേടുവരുത്തിയെന്ന് നിശാ ക്ലബിലെ സെക്യൂരിറ്റി ഗാര്‍ഡായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഫിലിപ്പിനോ ജീവനക്കാരനും കോടതില്‍ മൊഴി നല്‍കി. വിധി പറയുമ്പോള്‍ മൊറോക്കന്‍ സ്ത്രീ കോടതില്‍ ഹാജരായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here