ക്യത്രിമമായി പഴുപ്പിച്ച അഞ്ച് ടണ്‍ പഴവര്‍ഗങ്ങള്‍ പിടികൂടി

Posted on: March 12, 2018 3:46 pm | Last updated: March 12, 2018 at 3:46 pm

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പേഡു മൊത്തവിതരണ മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അര്‍ധരാത്രിയോടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ക്യത്രിമമായി പഴുപ്പിച്ച അഞ്ച് ടണ്‍ പഴവര്‍ഗങ്ങള്‍ പിടികൂടി. പോലീസിന്റെ സഹായത്തോടെ 20ലധികം ഉദ്യോഗസ്ഥരാണ് 136 കടകളില്‍ പരിശോധന നടത്തിയത്.

ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഫലവര്‍ഗങ്ങള്‍ പഴുപ്പിക്കുന്നുവെന്ന ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്നാണ് പരിശോധന. കാല്‍സ്യം കാര്‍ബേഡ്, എത്തനോള്‍ എന്നിവയാണ് ഫലങ്ങള്‍ പഴുപ്പിക്കാനായി ഇവിടെ ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്യത്രിമമായി പഴുപ്പിച്ച 3.25 ടണ്‍ സപ്പോട്ട, ഒരു ടണ്‍ മാങ്ങ, 750 കി.ഗ്രാം പഴം എന്നിവയാണ് 24 കടകളില്‍നിന്നായി പിടികൂടിയത്. ഇവ പിന്നീട് നശിപ്പിച്ചു. പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.