തേനിയിലെ കാട്ടുതീ; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; തീ നിയന്ത്രണ വിധേയം

Posted on: March 12, 2018 9:07 am | Last updated: March 12, 2018 at 1:17 pm

തൊടുപുഴ: തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ കുടങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. ഏഴ് പേരെയാണ് രക്ഷപ്പെടുത്താനുള്ളത്. വ്യോമസേനയും കമാന്‍ഡോകളും തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പത്ത് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. 27 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.

വനംവകുപ്പിന്റെയും അഗ്നിശമന സേനയുടെയും പോലീസിന്റെയും പ്രയത്‌നത്തിന്റെ ഫലമായി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രി സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉള്‍പ്പെട്ടതായാണ് സൂചന.

മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളജ് വിദ്യാര്‍ഥികളുമടങ്ങിയ സംഘമാണ് കാട്ടുതീയില്‍ അകപ്പെട്ടത്. സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഐ ടി ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ പന്ത്രണ്ട് പേരുമാണ് വനത്തില്‍ അകപ്പെട്ടതെന്നാണ് വിവരം.

മൂന്നാറില്‍ നിന്ന് ഉദ്ദേശം അറുപത് കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെയും താഴ്‌വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് ആറിനാണ് വിദ്യാര്‍ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി അറിയുന്നത്. ഉടന്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു.

പരുക്കേറ്റവരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവരം അറിഞ്ഞ് തേനിയില്‍ നിന്ന് അഗ്‌നിശമനസേനയുടെ നിരവധി യൂനിറ്റുകള്‍ കൊരങ്ങിണി വനമേഖലയിലേക്ക് കുതിച്ചെങ്കിലും വിദ്യാര്‍ഥികള്‍ അകപ്പെട്ട പ്രദേശത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി.