അബുദാബി ഫെസ്റ്റിവല്‍: മികച്ച കലാ പ്രകടനം കാഴ്ചവെച്ച് അതിഥി രാജ്യമായ ഇന്ത്യ

Posted on: March 11, 2018 11:02 pm | Last updated: March 11, 2018 at 11:02 pm

അബുദാബി: മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ മികച്ച കലാ പ്രകടനം കാഴ്ചവെച്ചു അതിഥി രാജ്യമായ ഇന്ത്യ. അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആസ്വദിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വേഷ വിധാനത്തില്‍ സംഗീതവും നൃത്തവുമൊക്കെയായിട്ടാണ് കാണികളെ ഫെസ്റ്റിവലിലെ അതിഥി രാജ്യമായ ഇന്ത്യ സ്വീകരിച്ചത്. മര്‍ച്ചന്റ്സ് ഓഫ് ബോളിവുഡ് എന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ ആണ് അവതരിപ്പിച്ചത്. വൈഭവി മെര്‍ച്ചന്റ,് സുലെമാന്‍ മെര്‍ച്ചന്റ് സാലിം എന്നിവരാണ് പരിപാടി നയിച്ചത്. യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, യു എ ഇ ഇന്ത്യന്‍ സ്ഥാനപതി സവദീപ് സിങ് സൂരി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടി ആസ്വദിക്കാനെത്തി. ഒരു മാസം നീണ്ട് നില്‍ക്കുന്ന സാംസ്‌കാരിക ആഘോഷ പരിപാടിയായ അബുദാബി ഫെസ്റ്റിവല്‍ വിവിധ വേദികളിലാണ് നടക്കുക. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറില്‍ അധികം കലാകാരന്മാരും നാല്‍പതോളം സംഗീതജ്ഞരും ഭാഗമാവുന്ന ഉത്സവമാണിത്. ഇന്ത്യക്കാരല്ലാത്തവര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ ആസ്വദിക്കാനും അടുത്തറിയാനുമുള്ള അവസരമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുക. ഇന്ത്യയിലെ തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമി 19ന് എമിറേറ്റ്സ് പാലസില്‍ വീ ദ് ലിവിങ് നൃത്ത സംഗീത പരിപാടി അവതരിപ്പിക്കും. സൂഫി കവി റൂമിയുടെ മനുഷ്യന്‍ എന്ന കവിതയുടെ ആവിഷ്‌കാരമാണിത്. 23ന് ഉം അല്‍ ഇമറാത്ത് പാര്‍ക്കില്‍ രഘു ദീക്ഷിത് പ്രൊജക്ടിന്റെ സംഗീത പരിപാടിയും 22, 23 തീയതികളില്‍ ബോളിവുഡ് ഡാന്‍സ് ശില്‍പശാലയും നടക്കും. 25ന് എമിറേറ്റ്സ് പാലസില്‍ സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്റെ സംഗീതപരിപാടി, നാടന്‍കല, ആധുനിക ബാലെ, സമകാലിക നൃത്തരൂപങ്ങള്‍ എന്നിവ നടക്കും.