അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 25 മുതല്‍

അതിഥി രാജ്യം പോളണ്ട്
Posted on: March 11, 2018 10:59 pm | Last updated: March 11, 2018 at 10:59 pm

അബുദാബി : അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 25 മുതല്‍ മെയ് ഒന്നു വരെ അബുദാബി അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ നടക്കും.
65 രാജ്യങ്ങളില്‍ നിന്നായി 1,320 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിനെത്തുക. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മേള ഒരുങ്ങുന്നത്. ഒരാഴ്ച നീളുന്ന പുസ്തകോത്സവത്തില്‍ എണ്ണൂറോളം സെമിനാറുകളും ശില്പശാലകളും നടക്കും. 30 ഭാഷകളിലായി അഞ്ഞൂറിലധികം വിഭാഗങ്ങള്‍ കൈകാര്യംചെയ്യുന്ന പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. പുസ്തകോത്സവത്തിലെ ഇത്തവണത്തെ അതിഥിരാജ്യം പോളണ്ടാണ്. പോളണ്ടിലെ പുസ്തകരചന, പ്രസാധക രംഗത്തെ സാഹചര്യങ്ങള്‍, അറബ് ഭാഷയുമായുള്ള ബന്ധം, ഡിജിറ്റല്‍ പ്രസിദ്ധീകരണങ്ങള്‍, കുട്ടികളുടെ രചനകള്‍ എന്നിവയെക്കുറിച്ചെല്ലാം പ്രത്യേക പ്രദര്‍ശനങ്ങളും യോഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. കഴിഞ്ഞവര്‍ഷത്തെക്കാള്‍ മികച്ച രീതിയിലാണ് ഇത്തവണ പുസ്തകോത്സവം ഒരുങ്ങുന്നത്. കൂടുതല്‍ പ്രാതിനിധ്യവും ഇക്കുറിയുണ്ട്. മേള അബുദാബിയെ സംസ്‌കാരത്തിന്റെയും അറിവിന്റെയും കേന്ദ്രമാക്കി മാറ്റുമെന്ന് അബുദാബി ടൂറിസം കള്‍ച്ചര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് സായിദ് ഗൊബാഷ് പറഞ്ഞു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന് പുസ്തകോത്സവം വലിയ പങ്കു വഹിക്കുന്നതായി ടൂറിസം കള്‍ച്ചര്‍ അതോറിറ്റിയുടെ നാഷണല്‍ ലൈബ്രറി വിഭാഗം ആക്ടിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്ല മജീദ് അല്‍ അലി പറഞ്ഞു. മേളയുടെ ഭാഗമായി ലോക ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബ്ളാക്ക് ബോക്സ് സിനിമ തത്സമയ പാചകമേള തുടങ്ങി നിരവധി ആകര്‍ഷണങ്ങളുമുണ്ടായിരിക്കും. ആദ്യദിനം രാവിലെ 11 മുതലും മറ്റ് ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെയും വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ 10 വരെയുമാണ് പ്രദര്‍ശനം.

അല്‍ ദഫ്റ പുസ്തകോത്സവം 18 മുതല്‍ 21 വരെ

അബുദാബി: അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ ദഫ്‌റയില്‍ ഒരുക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു.
മാര്‍ച്ച് 18 മുതല്‍ 21 വരെ മദീനത് സായിദിലെ എക്‌സാമിനേഷന്‍സ് ഹാളിലാണ് പുസ്തകോത്സവം ഒരുക്കിയിട്ടുള്ളത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റി ചെയര്‍മാനും അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയും അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാധികൃതത്തിലാണ് പുസ്തകോത്സവം നടക്കുക.
ബൗദ്ധിക വളര്‍ച്ച വളര്‍ത്താനും ഇമാറാത്തി എഴുത്തുകാരുടെ അനുഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പ്രിയപ്പെട്ട എഴുത്തുകാരെ കണ്ടുമുട്ടാനും ഒപ്പിട്ട കൃതികള്‍ സ്വന്തമാക്കാനും അതുല്യമായ ഒരു അവസരം സൃഷ്ടിക്കുക എന്നതാണ് ദഫ്‌റ പുസ്തകോത്സവം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി. പ്രാദേശിക പ്രസിദ്ധീകരണ വ്യവസായത്തെ പിന്തുണക്കാനും യു എ ഇ സമൂഹത്തിലെ വായനാ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും പുസ്തകമേളയിലൂടെ കഴിയുമെന്ന് സംഘടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
പുസ്തകോത്സവത്തില്‍ 20 ലധികം പ്രസാധകരും പ്രാദേശിക വിതരണക്കാരും സംബന്ധിക്കും.