ഇന്ത്യന്‍ ടീമില്‍ ഇടമില്ല; സുബ്രതയുടെ കരിയര്‍ ?

Posted on: March 10, 2018 6:18 am | Last updated: March 10, 2018 at 12:44 am

ന്യൂഡല്‍ഹി: ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കാലം ഗോള്‍വല കാത്ത സുബ്രതാ പാലിന്റെ കരിയര്‍ അവസാനിക്കുന്നുവോ ? 2019 എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള 32 അംഗ സാധ്യതാ ടീമില്‍ ടീമില്‍ നിന്ന് സുബ്രതാ പുറത്തായി. കിര്‍ഗിസ് റിപബ്ലിക്കിനെതിരായ മത്സരത്തിനുള്ള സാധ്യതാ സ്‌ക്വാഡിനെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചപ്പോള്‍ ഗോള്‍ കീപ്പര്‍മാരായുള്ളത് ഗുര്‍പ്രീത് സിംഗ് സന്ധു, വിശാല്‍ കെയ്ത്, അമരീന്ദര്‍ സിംഗ്, രഹനേഷ് ടി പി എന്നിവരാണ്.
കഴിഞ്ഞ വര്‍ഷം ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ താക്കീത് ലഭിച്ചിരുന്നു സുബ്രതാ പാലിന്.
ഇംഗ്ലീഷ് കോച്ച് ബോബ് ഹൂട്ടന്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തിരുന്നപ്പോഴായിരുന്നു സുബ്രതായുടെ സുവര്‍ണ കാലം. 2007, 2009 നെഹ്‌റു കപ്പ് ഇന്ത്യ നേടിയത് സുബ്രതായുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു. 2008 എ എഫ് സി ചാലഞ്ച് കപ്പും ഇന്ത്യക്കൊപ്പം സ്വന്തമാക്കി. 2011 ല്‍ എ എഫ് സ ഏഷ്യന്‍ കപ്പില്‍ 35 സേവുകള്‍ നടത്തി. ദക്ഷിണകൊറിയക്കെതിരെ 4-1ന് തോറ്റ മത്സരത്തില്‍ മാത്രം 16 സേവുകളാണ് സുബ്രത നടത്തിയത്. അന്ന് എതിര്‍ ടീം കോച്ച് സുബ്രതായെ ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്ന് വിശേഷിപ്പിച്ചു.
വിദേശ ക്ലബ്ബുമായി കരാറിലെത്തിയ ആദ്യ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സുബ്രതയാണ്. 2014 ജനുവരിയില്‍ ഡെന്‍മാര്‍ക്കിന്റെ എഫ് സി വെസ്റ്റാലാന്‍ഡുമായി കരാറിലെത്തിയിരുന്നു.
മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകളുടെ മഹാരഥനായ സുബ്രത പൂനെ എഫ് സിക്കായും കളിച്ചു. ഐ എസ് എല്ലില്‍ മുംബൈ സിറ്റി എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ജംഷഡ്പുര്‍ എഫ് സി ക്ലബ്ബുകള്‍ക്കായും കളിച്ചു. ഐ ലീഗില്‍ ഡി എസ് കെ ശിവാജിയന്‍സിന്റെ വലക്ക് മുന്നിലും സുബ്രതയുടെ സാന്നിധ്യമുണ്ടായിരുന്നു.