ജസ്റ്റിസ് കമാല്‍ പാഷയെ സിവില്‍ കേസുകളിലേക്ക് മാറ്റി

Posted on: March 9, 2018 7:09 pm | Last updated: March 9, 2018 at 9:14 pm

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷയുള്‍പ്പെടെ 23 ജഡ്ജിമാര്‍ക്ക് സ്ഥാന ചലനം. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് സിവില്‍ കേസുകളിലേക്കാണ് കമാല്‍ പാഷയെ മാറ്റിയിരിക്കുന്നത്. പാഷയുടെ സ്ഥാനമാറ്റത്തില്‍ അസ്വാഭാവികതകളില്ലെന്ന് ഹൈക്കോടതി വൃത്തങ്ങള്‍ പറഞ്ഞു.

ജസ്റ്റിസ് എബ്രഹാം മാത്യുവിനെയാണ് പുതുതായി ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ ചുമുതലപ്പെടുത്തിയിരിക്കുന്നത്.

പ്രമാദമായ ശുഹൈബ് വധക്കേസ് സി ബി ഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത് ജസ്റ്റിസ് കമാല്‍ പാഷയായിരുന്നു. ഇന്നലെ സിറോ മലബാര്‍ ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട ബെഞ്ചിലും ജസ്റ്റിസ് പാഷയുണ്ടായിരുന്നു.

മധ്യവേനലവധിക്കായി അടുത്തമാസം കോടതി അടക്കാനിരിക്കെയാണ് ജഡ്ജിമാരുടെ സ്ഥാനമാറ്റ തീരുമാനമുണ്ടായിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.