Connect with us

Kerala

മെയ് ഒന്ന് മുതല്‍ നോക്കുകൂലിയില്ല

Published

|

Last Updated

തിരുവനന്തപുരം: സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്ന് മുതല്‍ കേരളത്തിലെ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് നല്ല വാര്‍ത്ത കേള്‍ക്കാം. അന്ന് മുതല്‍ നോക്കുകൂലി വാങ്ങുന്ന പ്രവണത തൊഴിലാളികള്‍ അവസാനിപ്പിക്കും. യന്ത്രങ്ങള്‍ ചെയ്യുന്ന ജോലിക്കും അല്ലാതെയും നോക്കുകൂലി വാങ്ങുന്ന പ്രവണത അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗമാണ് തീരുമാനിച്ചത്.

തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന രീതിയും ഇതോടെ നിര്‍ത്തും. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂനിയനുകളെല്ലാം പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനും പങ്കെടുത്തു. നിക്ഷേപ സൗഹൃദ അന്തരീക്ഷം വളര്‍ത്താന്‍ നോക്കുകൂലിയും തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന രീതിയും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രി അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തത്. സംസ്ഥാനതല യോഗത്തിന്റെ തുടര്‍ച്ചയായി മെയ് ഒന്നിന് മുമ്പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും.

നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ തന്നെ, യന്ത്രവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കാന്‍ എന്തുചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിലാളി സംഘടനകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍, കേരളത്തെക്കുറിച്ചുള്ള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂനിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനാണ് ശ്രമം. എല്ലാ തൊഴിലാളി സംഘടനകളും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും കൂട്ടായ ശ്രമത്തിന് ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആനത്തലവട്ടം ആനന്ദന്‍, കെ ചന്ദ്രന്‍ പിളള (സി ഐ ടി യു), ആര്‍ ചന്ദ്രശേഖരന്‍, വര്‍ക്കല കഹാര്‍ (ഐ എന്‍ ടി യു സി), കെ എസ് ഇന്ദുശേഖരന്‍ നായര്‍ (എ ഐ ടി യു സി), ജി മാഹിന്‍ അബൂബക്കര്‍ (എസ് ടി യു), ജി സുഗുണന്‍ (എച്ച് എം എസ്), ജി കെ അജിത്, ശിവജി സുദര്‍ശന്‍ (ബി എം എസ്) ഏഴുകോണ്‍ സത്യന്‍ (കെ ടി യു സി ജെ), വിനോഭ താഹ (യു ടി യു സി), സോണിയ (സേവ), ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.