Connect with us

Kerala

ജനതാദള്‍ യു ഇന്ന് എല്‍ ഡി എഫിലെത്തും; രാജ്യസഭാ സീറ്റ് നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ജനതാദള്‍ യു കേരളാ ഘടകം ഇനി ഇടതുമുന്നണിയില്‍. ഇന്നു ചേരുന്ന ഇടതുമുന്നണി യോഗം ജനതാദള്‍ യുവിനെ മുന്നണിയിലെടുക്കാന്‍ തീരുമാനിക്കും. വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റ് ജെ ഡി യുവിന് നല്‍കും. വീരേന്ദ്രകുമാറോ മകന്‍ എം വി ശ്രേയാംസ് കുമാറോ ആയിരിക്കും മത്സരിക്കുക. ഇടതു മുന്നണി യോഗത്തിനു മുന്നോടിയായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇന്നലെ എം പി വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ജനതാദള്‍ യുവിനെ ഇടതുമുന്നണിയിലെടുക്കുന്നതിനെ സി പി ഐയും എതിര്‍ത്തിരുന്നില്ല.

ജനതാദള്‍ യു കേരളാ ഘടകം കേന്ദ്ര നേതൃത്വവുമായുളള ബന്ധം നേരത്തെ വിച്ഛേദിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ എന്‍ഡി എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുളള നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശമാണ് അന്നത്തെ ജനതാദള്‍ യു കേരളാ ഘടകത്തിന്റെ നേതൃയോഗത്തില്‍ ഉയര്‍ന്നത്.

സംസ്ഥാനത്ത് ജനതാദളിന്റെ പുനരേകീകരണത്തിന്റെ സാധ്യതകള്‍ ആരായുന്നതിന്റെ അജന്‍ഡയും അന്നത്തെ യോഗത്തിലുണ്ടായി. പാര്‍ട്ടിയുടെ കേന്ദ്രനിലപാടുകളെ അംഗീകരിക്കാനാവില്ലെന്നും വിമര്‍ശമുയര്‍ന്നിരുന്നു. ബി ജെ പി സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.
പാര്‍ട്ടിയുടെ കേരളാ ഘടകത്തിന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാം. ജനതാദള്‍ എസിന്റെ സംസ്ഥാന നേതൃത്വവുമായി ജെ ഡി യു നേതൃത്വം രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. നിതീഷ് കുമാറിന്റെ പല നിലപാടുകളോടും യോജിക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് രാജ്യസഭാംഗത്വം വീരേന്ദ്രകുമാര്‍ രാജിവെച്ചത്്.
പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, ഷെയ്്ഖ് പി ഹാരീസ്, ചാരുപാറ രവി എന്നിവരുടെ പിന്തുണയും വീരേന്ദ്രകുമാറിന്റെ ഇടതു പ്രവേശന നിലപാടിനുണ്ട്.

നേരത്തെ ഇടതുമുന്നണിയോടൊപ്പം നിന്ന വീരേന്ദ്രകുമാര്‍ കോഴിക്കോട് ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റ് ഉണ്ടാക്കി യു ഡി എഫിനൊപ്പം ചേരുകയായിരുന്നു. പിന്നീട് എന്‍ ഡി എയുടെ ഭാഗമായിരുന്ന നിതീഷ് കുമാറിന്റെ ജനതാദള്‍ യു, എന്‍ ഡി എ വിട്ടതിനെ തുടര്‍ന്ന് ജനതാദള്‍ യുവില്‍ ലയിക്കുകയായിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ സ്വീകരിച്ച പല നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് വിമര്‍ശിച്ച വീരേന്ദ്രകുമാര്‍ രാജ്യസഭാ സീറ്റ് നല്‍കിയപ്പോഴാണ് തൃപ്തനായത്്. എന്നാലിപ്പോള്‍ എല്‍ ഡി എഫിലുളള ജനതാദള്‍ സെക്കുലറിനോട് യോജിച്ച് ലയിച്ചതിനു ശേഷം എല്‍ ഡി എഫിലെത്താനുളള സാധ്യതകളാണ് വീരേന്ദ്രകുമാര്‍ തേടിയത്്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ജെ ഡി യുവിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഒരാളെ പോലും നിയമസഭയിലെത്തിക്കാന്‍ ജനതാദള്‍ യുവിന് കഴിഞ്ഞില്ല. അന്നും ജനതാദള്‍ എസിനോട് ചേര്‍ന്ന് ലയിച്ച് എല്‍ ഡി എഫിലെത്താനുളള സാധ്യതകള്‍ വീരേന്ദ്രകുമാര്‍ ആരാഞ്ഞിരുന്നു.