Connect with us

Kerala

വനിതകള്‍ ഇന്ന് പോലീസ് സ്റ്റേഷന്‍ ഭരിക്കും

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും പരമാവധി സ്റ്റേഷനുകളില്‍ വനിതാ എസ് ഐമാര്‍ക്ക് എസ് എച്ച് ഒമാരുടെ ചുമതല. സെന്‍ട്രി ഡ്യൂട്ടി ഉള്‍പ്പെടെ പ്രത്യേക ചുമതലകള്‍ ലഭ്യമായ സ്ഥലങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരായിരിക്കും നിര്‍വഹിക്കുക. ഇത് കൂടാതെ കൂട്ടയോട്ടം, സെമിനാര്‍, സെല്‍ഫ് ഡിഫന്‍സ് ഷോ തുടങ്ങി വിവിധ പരിപാടികളും വിവിധ കേന്ദ്രങ്ങളില്‍ പോലീസ് സംഘടിപ്പിക്കും.

രാവിലെ പത്തിന് പേരൂര്‍ക്കട സ്റ്റേഷന്‍ പോലീസ് മേധാവി ലാക്‌നാഥ് ബെഹ്‌റ സന്ദര്‍ശിക്കും.
തിരുവനന്തപുരത്ത് ഫോര്‍ട്ട്, കഴക്കൂട്ടം, പൂന്തുറ, പൂജപ്പുര സ്റ്റേഷനുകളിലാണ് വനിതാ എസ് ഐമാര്‍ ഇന്ന് എസ് എച്ച് ഒമാരാകുക. തിരുവനന്തപുരത്ത് സ്റ്റുഡന്റ്‌സ് പോലീസ് പെണ്‍കുട്ടികളും വനിതാ പോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് നിയന്ത്രണത്തിന്റെ ചുമതലയും പരമാവധി സ്ഥലങ്ങളില്‍ ഏറ്റെടുക്കും. മറ്റ് ജില്ലകളിലും ട്രാഫിക് നിയന്ത്രണം, ഗാര്‍ഡ് ഡ്യൂട്ടി തുടങ്ങിയവ വനിതാ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. 4167 വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സേനയിലുള്ളത്.
വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് രാവിലെ 6.30 മുതല്‍ കവടിയാര്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങി മ്യൂസിയം, പാളയം, വി ജെ ടി ഹാള്‍, ആശാന്‍ സ്‌ക്വയര്‍, പി എം ജി, എല്‍ എം എസ് തുടങ്ങിയ സ്ഥലങ്ങള്‍ വഴി കനകക്കുന്നുവരെ റണ്‍ റാണി റണ്‍ ഹാഫ് മാരത്തോണ്‍ കൂട്ടയോട്ടം നടക്കും. ലോക്‌നാഥ് ബെഹ്‌റ ഫഌഗ് ഓഫ് ചെയ്യും, വനിതാ പോലീസ് സേനാംഗങ്ങളും കായിക താരങ്ങളും പങ്കെടുക്കുന്ന പരിപാടിക്ക് എ ഡി ജി പി. ഡോ. ബി സന്ധ്യ നേതൃത്വം നല്‍കും.

രാവിലെ 11ന് പോലീസ് ആസ്ഥാനത്ത് വനിതകളും സുരക്ഷയും എന്ന വിഷയത്തില്‍ ശില്‍പ്പശാലയില്‍ ബെഹ്‌റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും വനിതാ പോലീസ് ഉഗ്യോഗസ്ഥരും പങ്കെടുക്കും.
ഉച്ചക്ക് രണ്ട് മുതല്‍ കഴക്കൂട്ടം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കുമായി ചേര്‍ന്ന് ആയിരം വനിതകള്‍ പങ്കെടുക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും സ്വയം പ്രതിരോധ പരിശീലനം, സെമിനാര്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

 

Latest