ഭിന്ന രക്തഗ്രൂപ്പുള്ളവരുടെ വൃക്കകള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഖത്വറിൽ

Posted on: March 5, 2018 10:14 pm | Last updated: March 5, 2018 at 10:14 pm

ദോഹ: വ്യത്യസ്ത രക്തഗ്രൂപ്പുള്ള ദാതാവില്‍നിന്നും സ്വീകരിക്കുന്ന വൃക്കകള്‍ രോഗികളില്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് ഖത്വറില്‍ തുടക്കം കുറിക്കുന്നു. അനുയോജ്യ ഗ്രൂപ്പിലുള്ള വൃക്കകള്‍ ലഭ്യമാകാതെ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നീണ്ടു പോകുന്ന രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ് നടപടി. ജൂലൈയിലാണ് ഈ രീതിയിലുള്ള വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുകയെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച എം സി) നെഫ്‌റോളജി വിഭാഗം മേധാവി ഡോ. ഹസന്‍ അല്‍ മാലികി വെളിപ്പെടുത്തി.
സാധാരണയായി വൃക്ക മാറ്റിവെക്കലിനു വിധേയമാകുന്ന രോഗിയുടെ അതേ രക്തഗ്രൂപ്പിലുള്ള ദാതാവില്‍ നിന്നാണ് വൃക്കകള്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ ഭിന്ന ഗ്രൂപ്പാണെങ്കിലും കുടുംബാംഗങ്ങളില്‍നിന്നും മറ്റും വൃക്ക സ്വീകരിച്ച് രോഗിയുടെ ശരീരത്തില്‍ മാറ്റി വെക്കുന്ന രീതിയാണ് സ്വീരിക്കുന്നത്. മറ്റു ആരോഗ്യ ഘടകങ്ങള്‍ അനുയോജ്യമെങ്കില്‍ രക്ത ഗ്രൂപ്പ് പരിഗണിക്കാതെ തന്നെ മാറ്റിവെക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
രാജ്യത്ത് കിഡ്‌നി രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ രീതികള്‍ ആവിഷികരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 900 രോഗികളാണ് വൃക്കരോഗത്തെത്തുടര്‍ന്ന് ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പലരും വൃക്ക മാറ്റിവെക്കലിനായി ഊഴം കാത്തിരിക്കുന്നവരാണ്. വൃക്ക തകരാറിലായവര്‍ക്ക് മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്ന ഫലപ്രദമായ മാര്‍ഗം. ലോക വൃക്കദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടത്തുന്ന ബോധവത്കരണ പരിപാടികള്‍ വിശീദകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിണ് എച്ച് എം സി അധികൃതര്‍ ഭിന്ന രക്തഗ്രൂപ്പുകാരുടെ വൃക്കള്‍ സ്വീകരിക്കുന്ന ശസ്ത്രക്രിയാ വിവരം അറിയിച്ചത്.
വൃക്കരോഗത്തെ പ്രതിരോധിക്കുന്നതിനും നേരത്തേ ചികിത്സ തേടുന്നതിനും വര്‍ഷത്തിലൊരിക്കല്‍ പരിശോധനക്കു വിധേയമാകണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. പ്രമേഹം, ഹൈപര്‍ടെന്‍ഷന്‍, പൊണ്ണത്തടി, കുടുംബ പാരമ്പര്യം തുടങ്ങിയവയുള്ളവര്‍ വൃക്കരോഗത്തിനെതിരായ ജാഗ്രത പാലിക്കുകയും പരിശോധിക്കു തയാറാവുകയും വേണം. ബോധവത്കരണത്തിന്റെ ഭാഗമായി ഈ മാസം എട്ടു വരെ ഹമദ് ജനറല്‍ ആശുപത്രി കവാടത്തിനു സമീപം പ്രത്യേക ബൂത്ത് പ്രവര്‍ത്തിക്കും.