അഞ്ച് ദിനങ്ങള്‍: നെടുമ്പാശ്ശേരിയില്‍ പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം

Posted on: March 5, 2018 9:38 am | Last updated: March 5, 2018 at 9:38 am

കൊച്ചി: കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കഴിഞ്ഞ ഫെബ്രുവരി 27 മുതല്‍ ഈ മാസം മൂന്ന് വരെയുള്ള കാലയളവിലാണ് ഇത്രയും സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. 3.225 കിലോ സ്വര്‍ണമാണ് മൊത്തം പിടികൂടിയത്.

ഷൂസിനുള്ളിലും മലദ്വാരത്തിലും അടിവസ്ത്രത്തിലും മറ്റും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയിരുന്നത്. കൂടാതെ സെമി സോളിഡ് പേസ്റ്റ് രൂപത്തിലാക്കിയും സ്വര്‍ണം കൊണ്ടുവന്നു. ശനിയാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശിയാണ് പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കൊണ്ടുവന്നത്. പോളിത്തീന്‍ കവറിലാക്കിയാണ് കൊണ്ടുവന്നത്. 1140 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു. ഇതിന് 35.79 ലക്ഷം രൂപ വില വരും.

കസ്റ്റംസ് കമ്മീഷനര്‍ സുമിത് കുമാറിന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്. കേരളത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണക്കടത്തും മയക്കുമരുന്ന് കടത്തും സജീവമായതിനെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.