ചുവപ്പ് മാഞ്ഞു; ത്രിപുരയില്‍ ബിജെപി; നാഗാലാന്‍ഡിലും മുന്നേറ്റം

Posted on: March 3, 2018 6:54 am | Last updated: March 3, 2018 at 10:28 pm
SHARE

ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടിലേറെക്കാലത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ബിജെപി അധികാത്തില്‍. 59ല്‍ 40 സീറ്റുകളിലുംബിജെപിയും ഐപിഎഫ്ടിയും അടങ്ങുന്ന സഖ്യം സ്വന്തമാക്കിയപ്പോള്‍ 18 സീറ്റുകളില്‍ മാത്രമാണ് സിപിഎം മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കള്‍ നേരിട്ടെത്തിയാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കാടിളക്കിയുള്ള ഈ പ്രചാരണത്തിലൂടെ ജനവിധി അനുകൂലമാക്കാന്‍ ബിജെപിക്ക് സാധിച്ചു. മാറ്റത്തിന് തയ്യാറാകൂ എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. കഠിനാധ്വാനത്തിന്റെ വിജയമാണ് തങ്ങള്‍ ത്രിപുരയില്‍ നേടിയതെന്ന് ബിജെപി നേതാവ് റാം മാധവ് പറഞ്ഞു.

കഴിഞ്ഞ തവണ ഒരു സീറ്റില്‍ ഒഴികെ എല്ലായിടത്തും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട ബിജെപിയാണ് ഇത്തവണ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. 2013ല്‍ പത്ത് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ത്രിപുരയില്‍ തുടച്ചുനീക്കപ്പെടുകയും ചെയ്തു.

മേഘാലയയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. നാഗാലാന്‍ഡില്‍ ബിജെപി എന്‍ഡിപിപി സഖ്യം മുന്നിട്ട് നില്‍ക്കുന്നു.

തിരഞ്ഞെടുപ്പ് നടന്ന ഈ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും നിയമസഭയില്‍ 60 വീതം സീറ്റുകളുണ്ട്. വിവിധ കാരണങ്ങളാല്‍ മൂന്നിടത്തും 59 വീതം സീറ്റുകളിലായിരുന്നു തെരഞ്ഞെടുപ്പ്. ത്രിപുരയില്‍ 92 ശതമാനത്തിലേറെപേരും നാഗാലാന്റില്‍ 75 ശതമാനത്തിലേറെയും മേഘാലയത്തില്‍ 67 ശതമാനവുമായിരുന്നു പോളിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here