ആദിവാസി മേഖലയില്‍ ചിലവഴിച്ച പണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം: കെ. സുരേന്ദ്രന്‍

Posted on: March 1, 2018 9:56 pm | Last updated: March 1, 2018 at 9:56 pm

ചെങ്ങന്നൂര്‍: അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലയില്‍ ചിലവഴിച്ച പണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചെങ്ങന്നൂരില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇടത് വലത് മുന്നണികള്‍ വനവാസികള്‍ക്കുള്ള പണം കൊള്ളയടിച്ചെന്നും യോഗം കുറ്റപ്പെടുത്തി. അട്ടപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം മന്ത്രി എ.കെ ബാലന്‍ ആണെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.

വനവാസി പിന്നോക്ക വിഭാഗങ്ങളോട് കേരള സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഉണ്ടായത്. മധുവിന്റെ കൊലപാതകം ഒരു ഗൗരവമുള്ള വിഷയമായി ചര്‍ച്ച ചെയ്യാന്‍ ഇടത് വലത് മുന്നണികള്‍ക്ക് താല്‍പര്യമില്ല. ഒറ്റപ്പെട്ട കൊലപാതകമായി ഇതിനെ ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം. അട്ടപ്പാടിയിലും സംസ്ഥാനത്തെ മറ്റ് വനവാസി ഊരുകളിലും ചെലവഴിച്ച പണത്തെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. ഇവിടങ്ങളില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തണം. പദ്ധതി നടത്തിപ്പിലെ കൊള്ളയെ കുറച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. ഇതിന് പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തണം. സമഗ്രമായ അന്വേഷണം നടന്നാല്‍ ഇരു മുന്നണികളിലെയും നേതാക്കള്‍ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നതായും യോഗം വിലയിരുത്തി. ഷുഹൈബ് വധത്തില്‍ അന്വേഷണം അട്ടിമറിച്ചു. ഇതിനെതിരെ സമരം ചെയ്ത കെ. സുധാകരനെയും കോണ്‍ഗ്രസ്സിനെയും പഴയ വിജിലന്‍സ് കേസുകള്‍ ഉയര്‍ത്തിക്കാട്ടി സിപിഎം ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഒരു വലിയ പരിവര്‍ത്തനത്തിന്റെ തുടക്കമാകും. ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും തിരഞ്ഞെടുപ്പ് ഫലം. നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചതിന് എതിരെ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.