മണ്ണാര്‍ക്കാട് ഹര്‍ത്താല്‍: ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: March 1, 2018 7:08 pm | Last updated: March 2, 2018 at 9:35 am

മണ്ണാര്‍ക്കാട്:മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട് കുന്തിപ്പുഴ സഫീറിന്റെ കൊലപാതകത്തോടനുബന്ധിച്ചു യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ കല്ലടിക്കോട് പൊലീസ് സ്‌റ്റേഷനിലെ ആറു പേരെ സസ്‌പെന്റ് ചെയ്തു.

എസ്‌ഐ സി.സുരേന്ദ്രന്‍ ,എഎസ്‌ഐ പി.രാംദാസ്, സീനിയര്‍ സിപിഒ അബ്ദുള്‍ നാസര്‍, സിപിഒ മാരായ കെ.ഉല്ലാസ്, എം.ഹര്‍ഷാദ്, കെ.സനല്‍ എന്നിവരെയും ജില്ലാപൊലീസ് മേധാവി പ്രദീഷ്‌കുമാറാണു സസ്‌പെന്റ് ചെയ്തത്.

ഹര്‍ത്താലിനിടയിലുണ്ടായ ആക്രമണം തടയാന്‍ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലെത്തിച്ച ലീഗ് പ്രാദേശിക നേതാവിനെ യൂത്ത് ലീഗ് മണ്ഡലം നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നു നടപടി പൂര്‍ത്തിയാക്കാതെ വിട്ടയച്ചെന്നാണ് ആരോപണം. യാത്രക്കാരെയും, സ്ത്രീകളെയും,ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യാപകമായ അക്രമണമുണ്ടായി. പോലീസ് സ്‌റ്റേഷനില്‍ യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റും സംഘവും ബഹളം വയ്ക്കുന്ന രംഗം ചിത്രീകരിച്ചു സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കാനും പൊലീസ് നടപടി കാരണമായെന്നാണു വിലയിരുത്തല്‍.