സ്വന്തം സര്‍ക്കാര്‍ നിയമിച്ച സോളാര്‍ കമ്മീഷനെ തള്ളി ഉമ്മന്‍ ചാണ്ടി; ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചതില്‍ അപാകത

Posted on: March 1, 2018 2:52 pm | Last updated: March 1, 2018 at 7:29 pm

കൊച്ചി: സോളാര്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചതില്‍ അപാകതയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഉമ്മന്‍ ചാണ്ടി പൂര്‍ണമായും തള്ളി. റിപ്പോര്‍ട്ട് തയ്യാറാക്കിയത് വസ്തുതകള്‍ പരിഗണിക്കാതെയാണെന്നും കമ്മീഷന്റെ നിയമനത്തില്‍ അപാകതയുണ്ടെന്നും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, നിങ്ങളുടെ സര്‍ക്കാര്‍ തന്നെയല്ലേ കമ്മീഷനെ നിയമിച്ചതെന്നും ടേംസ് ഓഫ് റഫറന്‍സില്‍ അപാകതയുണ്ടെങ്കില്‍ എന്തുകൊണ്ട് അതിനെ അന്ന് ചോദ്യം ചെയ്തില്ലെന്നും കോടതി ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം കമ്മീഷനെ ചോദ്യം ചെയ്യുന്നത് ശരിയാണോയെന്നും കോടതി ആരാഞ്ഞു. എന്നാല്‍, ഒരു വ്യക്തിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ മൗലിക അവകാശങ്ങളില്‍ ലംഘനമുണ്ടായാല്‍ അത് ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു.

കമ്മീഷന്റെ കണ്ടെത്തലുകള്‍ വെറും ആരോപണങ്ങള്‍ മാത്രമാണ്. കേസിലെ പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴി പോലും കമ്മീഷന്‍ അതേപടി റിപ്പോര്‍ട്ടില്‍ പകര്‍ത്തിയിരിക്കുകയാണ്. കേസിലെ പ്രതികളും സാക്ഷികളും നല്‍കിയ മൊഴികളും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായത്.