ശുഐബ് വധം: ആയുധം ഒളിപ്പിച്ചയാള്‍ അറസ്റ്റില്‍

Posted on: March 1, 2018 12:13 pm | Last updated: March 1, 2018 at 2:53 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകുമായ ശുഐബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പോലീസ് പിടിയില്‍. പാലയോട് സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. കൃത്യം നടത്തിയ ശേഷം ആയുധങ്ങള്‍ ഒളിപ്പിച്ചത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഇന്നലെ ശുഐബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന മൂന്ന് വാളുകള്‍ കണ്ടെത്തിയിരുന്നു. വെള്ളപറമ്പിലെ സ്വകാര്യ വ്യക്തിയുടെ കശുമാവിന്‍ തോട്ടത്തിലാണ് വാളുകള്‍ കണ്ടെത്തിയത്. അടുത്ത കാലത്ത് നിര്‍മിച്ചതും 71 സെന്റിമീറ്റര്‍ നീളമുള്ളതുമാണ് ആയുധങ്ങള്‍. അക്രമം നടന്ന പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് വെള്ളപറമ്പ്. പോലീസ് കസ്റ്റഡിയിലെടുത്ത വാളുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി.
കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പിടികൂടാനാകാത്തതിന് പോലീസിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നേരത്തെ വെള്ളപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു വാള്‍ കണ്ടെത്തിയിരുന്നു. ചുവപ്പ് റിബണ്‍ കെട്ടിയ നിലയിലായിരന്നു വാള്‍ കണ്ടെത്തിയിരുന്നത്. ഇത് ശുഐബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതല്ലന്നായിരുന്നു പോലീസ് നിഗമനം. ശുഐബിനെ വെട്ടുന്നതിന് മുന്നോടിയായി പ്രതികള്‍ വെള്ളപറമ്പില്‍ സമയം ചെലവഴിച്ചതായി കഴിഞ്ഞ ദിവസം പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇവിടെ വെച്ച് ഒരു വാള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് പേര്‍ വാളുമായെത്തിയാണ് ശുഐബിനെ വെട്ടിയതെന്ന് ശുഐബിന്റെ സുഹൃത്തുക്കളായ സാക്ഷികളും പറഞ്ഞിരുന്നു.