പാലക്കാടിന് പൊള്ളിത്തുടങ്ങി; താപനില 40 ഡിഗ്രി സെല്‍ഷ്യസ്

Posted on: March 1, 2018 9:15 am | Last updated: March 1, 2018 at 10:25 am

പാലക്കാട്: ജില്ലയില്‍ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ്. മുണ്ടൂരിലെ ഐ ആര്‍ ടി സി കേന്ദ്രത്തിലാണ് ഈ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരന്നു അനുഭവപ്പെട്ടത്. 2010ല്‍ 42ഉം 2016ല്‍ 41.9ഉം ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ തന്നെ ഇത്രയും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.

കടുത്ത വരള്‍ച്ച കേരളത്തെ കാത്തിരിക്കുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇതെന്നും 30 വര്‍ഷത്തിനിടെ സംസ്ഥാനത്തെ ശരാശരി ചൂടില്‍ ഒരു ഡിഗ്രിയുടെ വര്‍ധനയുണ്ടായെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. പകല്‍ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നിര്‍മാണ മേഖലയിലുള്‍പ്പടെ സംസ്ഥാനത്ത് പകല്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു.