Connect with us

Articles

ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസം

Published

|

Last Updated

പ്രമുഖ നടി ശ്രീദേവി കഴിഞ്ഞ ദിവസം ദുബൈയില്‍ മരണപ്പെട്ട വാര്‍ത്ത തെലുങ്ക് വാര്‍ത്താചാനലായ മഹാന്യൂസ് സംപ്രേഷണം ചെയ്ത രീതി അന്തര്‍ദേശീയ മാധ്യമ രംഗത്ത് വ്യാപകമായ ചര്‍ച്ചകള്‍ സൃഷ്ടിച്ചു. ഏറെ അഭ്യൂഹങ്ങള്‍ക്കു ശേഷം, മദ്യലഹരിയില്‍ ബാത്ത്ടബ്ബില്‍ വീണാണ് നടി മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നെങ്കിലും മഹാന്യൂസ് ഹൈദരാബാദ് റിപ്പോര്‍ട്ടര്‍ മധുവിന് അത് കൃത്യമായി പ്രേക്ഷകരെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ബന്ധം. അങ്ങനെ അദ്ദേഹം ഒരു ബാത്ത്ടബ്ബില്‍ കയറിയിരുന്ന് ശ്രീദേവി എങ്ങനെയൊക്കെയായിരിക്കും മരിച്ചിട്ടുണ്ടാകുക എന്ന് വിശദമായി പരിശോധിച്ചുതുടങ്ങി. അത് വിശദീകരിച്ചുകൊണ്ട് ബാത്ത്ടബ്ബില്‍ കിടന്നും ഇരുന്നും റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരോ കാര്യവും സൂക്ഷ്മമായി പ്രേക്ഷകര്‍ അറിയണമല്ലോ. അതുകൊണ്ട് ശ്രീദേവി കുളിക്കാന്‍ ഉപയോഗിച്ച ബാത്ത്ടബ്ബ് രണ്ട് ഫീറ്റ് ഉയരവും മൂന്ന് ഫീറ്റ് വീതിയുമുള്ളതാണെന്നും അതില്‍ വീണുകഴിഞ്ഞാല്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുമെന്നും അതുകൊണ്ട് ഇതൊരു കൊലപാതകമാകാതെ വഴിയില്ലെന്നും ദുബൈ പോലീസിന് കാര്യമായ പിശക്പറ്റിയിട്ടുണ്ടെന്നും ക്യാമറാമാന്‍ ബാബ്‌റാമിനൊപ്പം മധു റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് മിനുട്ടോളം നീണ്ട അപാരമായ റിപ്പോര്‍ട്ടിംഗ് അവസാനിക്കുമ്പോഴേക്കും മഹാന്യൂസ് ചാനല്‍ ഇന്ത്യന്‍ ജേര്‍ണലിസത്തിന് ഒരു പുതിയ പ്രയോഗം സംഭാവന ചെയ്തുകഴിഞ്ഞിരുന്നു- ബാത്ത്ടബ്ബ് ജേണലിസം.

ബാത്ത്ടബ്ബിലെ മാധ്യമപ്രവര്‍ത്തനം ഒരു തെലുങ്ക് ചാനലില്‍ മാത്രം ഒതുങ്ങി നിന്നില്ല. ശ്രീദേവി ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ഒരിക്കലും അവര്‍ക്ക് ഒരു സ്വാഭാവിക മരണം അനുവദിക്കരുതല്ലോ. ഒന്നുകില്‍ കൊലപാതകം അല്ലെങ്കില്‍ ആത്മഹത്യ. ചുരുങ്ങിയത് ഒരു ദുരൂഹതയെങ്കിലുമില്ലെങ്കില്‍ ചാനല്‍പ്രേക്ഷകര്‍ക്ക് ഒരു സുഖം കിട്ടില്ല. ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ശരാശരി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറുടെ മനോഭാവം. ഹൃദയസ്തംഭനം മൂലമാണ് നടി മരണപ്പെട്ടതെന്ന് ആദ്യം റിപ്പോര്‍ട്ട് വന്നെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി നടത്തിയ നിരവധി സര്‍ജറികളാണ് മരണകാരണമെന്ന് പിന്നീട് പ്രാദേശിക, ദേശീയ വാര്‍ത്താചാനലുകള്‍ വിശദീകരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാന്‍ പോലും പ്രമുഖ ചാനലുകള്‍ക്ക് ക്ഷമയുണ്ടായിരുന്നില്ല. ദുബൈ പോലീസ് മരണകാരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടും അന്വേഷണം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചിട്ടും റിപ്പബ്ലിക് ടിവി, ടൈംസ് നൗ, സി എന്‍ എന്‍- ഐ ബി എന്‍, ആജ് തക്, സീ ന്യൂസ് തുടങ്ങി ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാ ചാനലുകള്‍ കഴിഞ്ഞ ദിവസം മുഴുവന്‍ ശ്രീദേവി എങ്ങനെയാണ് ബാത്ത്ടബ്ബില്‍ വീണതെന്ന ഗവേഷണത്തിലായിരുന്നു. സുനന്ദ പുഷ്‌കര്‍ മരണവും ശ്രീദേവിയുടെ മരണവും തമ്മിലുള്ള താരതമ്യപഠനം പോലും റിപ്പബ്ലിക് ടിവി പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്തു. പ്രമുഖ ഹിന്ദി ചാനലായ എ ബി പി ന്യൂസിലെ അവതാരിക വാര്‍ത്ത വായിക്കുന്നത് ബാത്ത്ടബ്ബുള്ള ഒരു ബാത്ത്‌റൂമില്‍ വെച്ചായിരുന്നു. നാണംകെട്ട ഈ മാധ്യമപ്രവര്‍ത്തനരീതിയെ ദി ഹൂട്ട് മാധ്യമനിരീക്ഷകര്‍ കളിയാക്കിവിളിക്കുന്നത് ബാത്ത്ടബ്ബ് ജേര്‍ണലിസം എന്നുതന്നെയാണ്.

ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ മരണമായിരുന്നു യഥാര്‍ഥത്തില്‍ ഈ വാര്‍ത്താ ചാനലുകള്‍ ആഘോഷിച്ചത്. ഇത്രമേല്‍ ഭയാനകമായ ഒരവസ്ഥയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം എത്തിനില്‍ക്കുന്നു എന്നു തെളിയിക്കുന്നതായിരുന്നു, ഇതേ ദിവസം രാജ്യത്തെ മിക്ക മാധ്യമങ്ങളും അവഗണിച്ച ചില വാര്‍ത്തകളുടെ പ്രാധാന്യം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുചെയ്ത സിറിയയില്‍ നിന്നുള്ള ഹൃദയഭേദകമായ വാര്‍ത്തകളായിരുന്നു അത്. സിറിയയിലെ ഈസ്റ്റേണ്‍ ഗൗട്ടയില്‍ 150 കുട്ടികള്‍ ഉള്‍പ്പെടെ 400-ലധികം പേരാണ് റഷ്യന്‍ വ്യോമാക്രമണത്തില്‍ മരണപ്പെട്ടത്. ബോംബാക്രമണത്തില്‍ ചിതറിക്കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം, ബന്ധുക്കളെ നഷ്ടപ്പെട്ട, മാരകമായി പരുക്കേറ്റ സിറിയന്‍ ബാലികയുടെ രോഷം, ലോകജനതയുടെ കണ്ണു തുറപ്പിക്കുന്ന സിറിയന്‍ ജനതയുടെ അതിദാരുണമായ ചിത്രങ്ങള്‍ – ശ്രീദേവിയുടെ മരണം ഗവേഷണം ചെയ്യുന്നതിനിടയില്‍ രാജ്യത്തെ വാര്‍ത്താചാനലുകള്‍ അവഗണിച്ച ഈ റിപ്പോര്‍ട്ടുകള്‍ പക്ഷേ, അല്‍-ജസീറയും റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസ്സും ബി ബി സിയും വിശദമായി നല്‍കിക്കൊണ്ടിരുന്നു. സിറിയന്‍ ജനതയുടെ പിടച്ചില്‍ ലോകജനത ചര്‍ച്ച ചെയ്തു. അല്‍-ജസീറ ചാനല്‍ സിറിയയിലെ വാര്‍ സോണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ചില ദൃശ്യങ്ങള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകജനത (നടിയുടെ മരണം ആഘോഷിച്ചവര്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നറിയില്ല) വ്യാപകമായി ഷെയര്‍ ചെയ്തു. ആ ദൃശ്യങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട സിറിയയിലെ കുട്ടികളാണുണ്ടായിരുന്നത്.

ഒരു സിറിയന്‍ ബാലികയുടെ രോഷം കലര്‍ന്ന നിലവിളി ഇങ്ങനെ:”ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് എന്തെങ്കിലും ഭക്ഷണമാണ്. ഇപ്പോള്‍ എല്ലാ ദിവസവും ഇവിടെ ഷെല്ലിംഗും ബോംബേറും ഉണ്ട്. ഞങ്ങളെ ഈ ദുരന്തത്തില്‍ നിന്ന് ആരെങ്കിലും ഒന്ന് രക്ഷിക്കുമോ? ഇപ്പോള്‍ ഞങ്ങള്‍ പേടിച്ചുവിറച്ച് പല സ്ഥലങ്ങളിലായി ഒളിച്ചിരിക്കുകയാണ്. ഒന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ഒരാള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതിനപ്പുറമാണിത്. ഞങ്ങള്‍ക്ക് കുടിവെള്ളം പോലുമില്ല. തണുപ്പത്ത് ഞങ്ങള്‍ക്ക് ഒരു പുതപ്പ് പോലുമില്ല. എവിടെയെങ്കിലും ഒന്ന് തല ചായ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവിടെ ബോംബ് വന്ന് വീഴുകയാണ്. ലോകത്ത് ആരെങ്കിലും ഇത് കേള്‍ക്കുന്നുണ്ടോ?”

ഒരു നടിയുടെ മരണത്തിന് പിന്നാലെ ഓടിയ ബാത്ത്ടബ്ബ് മാധ്യമപ്രവര്‍ത്തകരോടല്ലേ സിറിയയിലെ പിഞ്ചുബാലിക ഇങ്ങനെ ചോദിക്കുന്നത്. വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി, ആദ്യം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി, വേഗത്തില്‍ വാര്‍ത്തയെത്തിക്കാന്‍ വേണ്ടി നാം ഓടുമ്പോള്‍ മറന്നുപോകുന്നത്, ഒഴിവാക്കുന്നത് ഇത്തരം മനുഷ്യത്വ പ്രാധാന്യമുള്ള കരുത്തുറ്റ മാധ്യമപ്രവര്‍ത്തനമാണ്. സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഒന്നുമറിയാത്ത കുട്ടികളുടെ ദയനീയമുഖം കണ്ട് ലോകം വിറങ്ങലിച്ചുനില്‍ക്കുമ്പോഴും വാര്‍ത്ത എന്ന പേരില്‍ നടിയുടെ മരണം ആഘോഷിക്കുന്ന കോമാളിവേഷങ്ങള്‍ എത്രമേല്‍ ദുരന്തമാണ്?

നടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ മാധ്യമങ്ങളുടെ രീതിശാസ്ത്രത്തെ പരിഹാസത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരവേറ്റത്. ദുബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഖലീജ് ടൈംസ് ചോദിക്കുന്നത്, ദുബൈ പോലീസ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് എന്തിനാണ് ശ്രീദേവിയെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ബാത്ത്ടബ്ബില്‍ മുക്കിക്കൊല്ലുന്നത് എന്നാണ്. നടിയുടെ മരണകാരണം തേടി ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തിയ നിരീക്ഷണങ്ങള്‍ തീര്‍ത്തും അപക്വമായിപ്പോയി എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ ബര്‍ഖാ ദത്ത് നിരീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

വാര്‍ത്ത കാണുന്നവര്‍ക്ക് ഇതൊക്കെയല്ലേ വേണ്ടത് എന്നാണ് പൊതുവേ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമസ്ഥാപനങ്ങളുടെ, പത്രാധിപന്മാരുടെ, റിപ്പോര്‍ട്ടര്‍മാരുടെ ന്യായീകരണം. ശരിയാണ്, പ്രേക്ഷകരെ അത്തരത്തില്‍ പിടിച്ചിരുത്തിയതും ഇത്തരം ദുരന്ത റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സമയം കളയാന്‍ അവരെ പഠിപ്പിച്ചതും മാധ്യമസ്ഥാപനങ്ങള്‍ തന്നെയാണ.് വാണിജ്യതാത്പര്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്ന ന്യൂസ് ചാനലുകളുടെ സ്വാഭാവിക പരിണതിയാണ് യഥാര്‍ഥത്തില്‍ ഈ ബാത്ത്ടബ്ബില്‍ കിടന്ന് മരിച്ചുകൊണ്ടിരിക്കുന്നത്.
2016-ല്‍ ബി ബി സിയുടെ പടിയിറങ്ങുമ്പോള്‍, ഹെലന്‍ ബോഡന്‍ എന്ന തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ചോദിച്ച ഒരു കാര്യം ഈ കാലത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ന്യൂസ് ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു പാഠമാണ്: “ലൈവ് കവറേജിനപ്പുറം ഒരു വാര്‍ത്തക്ക് സാധ്യത ഇല്ലേ? ഒരു സംഭവം നടക്കുമ്പോള്‍, സാറ്റലൈറ്റ് അഭിമുഖങ്ങളുടെ തത്‌സമയ റിപ്പോര്‍ട്ടിംഗ് ചെയ്യാനാണ് റിപ്പോര്‍മാര്‍ക്ക് നിര്‍ദേശം ലഭിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന വസ്തുനിഷ്ഠമായ അന്വേഷണം നടക്കാതെ പോകുന്നതും അനാവശ്യമായ കാര്യങ്ങള്‍ പ്രേക്ഷകര്‍ കാണേണ്ടിവരുന്നതും. ഗൂഗിള്‍ പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ഏതൊരു സംഭവത്തിന്റെയും വിശദ വിവരങ്ങള്‍ പ്രേക്ഷകന് മുമ്പിലെത്തിക്കാന്‍ കഴിയുന്ന ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ നിലനില്‍ക്കുമ്പോഴും ഈ ബ്രേക്കിംഗ് ന്യൂസ് ദുരന്തം തുടരുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അതുകൊണ്ട്, മാനുഷികമായ റിപ്പോര്‍ട്ടിംഗും സത്യസന്ധമായ വിവരണവും ക്രിയാത്മകമായ ചിന്തയും മാധ്യമപ്രവര്‍ത്തകര്‍ ഒരു കാരണവശാലും കൈവെടിയരുത്. അല്‍പം വേഗത കുറച്ചാലും വാര്‍ത്തകള്‍ക്ക് ഒന്നും സംഭവിക്കില്ല.”