കാല്‍ നൂറ്റാണ്ടിന്റെ പ്രവാസം; നസ്‌റുദ്ദീന്‍ മടങ്ങുന്നു

Posted on: February 28, 2018 8:17 pm | Last updated: February 28, 2018 at 8:17 pm

അബൂദാബി: ഇരുപത്തി അഞ്ച് വര്‍ഷത്തെ പ്രവാസം മതിയാക്കി ത്യശൂര്‍ കൈപമംഗലം ബദ്ര്‍ മഹല്ല് നിവാസി നസ്‌റുദ്ദീന്‍ അബുദാബിയില്‍ നിന്ന് മടങ്ങുന്നു. 1993ലാണ് 49കാരനായ നസ്‌റുദ്ദീന്‍ യു എ ഇ യിലെത്തിയത്. പത്താംതരം വിദ്യാഭ്യാസമുള്ള നസ്‌റുദ്ദീന്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നത് വരെ ചെറിയ ജോലികള്‍ ചെയ്തു. പിന്നീട് രണ്ട് വര്‍ഷത്തിനകം ലൈസന്‍സ് കിട്ടി സ്വന്തമായ പിക്കപ്പ് വളയം തിരിച്ച് ജീവിത മാര്‍ഗം കണ്ടെത്തി.

നസ്‌റുദ്ദീന്‍ വിവാഹം ചെയ്തതും സഹോദരിമാരെ വിവാഹം കഴിപ്പിച്ച് സ്വന്തമായി വീട് പണിതതുമെല്ലാം അബുദാബിയില്‍ പിക്കപ്പ് ഓടിച്ചുകൊണ്ടാണ്. നാല് തവണ ഹജ്ജിന് അപേക്ഷ നല്‍കി കാത്തിക്കുന്ന നസ്‌റുദ്ദീന്‍ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനും സമയം കണ്ടെത്തി.

പ്രവാസ ജീവിതത്തിനിടയില്‍ സുന്നി നേതാക്കളുമായി നേരിട്ട് ഇടപഴകാന്‍ സാധിച്ചത് വളരെ ചാരിതാര്‍ഥ്യത്തോടെ അദ്ദേഹം സ്മരിക്കുന്നു. ത്യശൂര്‍ ജില്ലയിലെ കേച്ചേരി മമ്പഉല്‍ ഹുദ, മഹ്മൂദിയ പെരിഞ്ഞനം എന്നിവയുടെ സഹകാരിയും പ്രവര്‍ത്തകനുമായ ഈ കൈപമംഗലക്കാരന്‍ സാന്ത്വന രംഗത്ത് കര്‍മ നിരതനായി പ്രവര്‍ത്തിച്ചു. ശിഷ്ടകാലം നാട്ടില്‍ ദീനീ, സാന്ത്വന സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് താത്പര്യം. മഹ്മൂദിയ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ നസ്‌റുദ്ദീന് ഉപഹാരം നല്‍കി. അബുദാബിയിലെ എസ് വെ എസ് തൃശൂര്‍ ജില്ലാ, മമ്പഉല്‍ ഹുദാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നാളെ (വ്യാഴം ഇലക്ട്ര റോഡിലെ മമ്പഉുല്‍ഹുദ ഓഡിറ്റോറിയതില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസില്‍ യാത്രയയപ്പ് നല്‍കും. വിവരങ്ങള്‍ക്ക് 055-9476272.