Connect with us

Gulf

മിറക്കിള്‍ ഗാര്‍ഡനില്‍ ഗിന്നസ് റെക്കോഡിട്ട് മിക്കി മൗസ്‌

Published

|

Last Updated

ദുബൈ: മിറക്കിള്‍ ഗാഡനില്‍ കൂറ്റന്‍ മിക്കി മൗസ്. ലോകം മുഴുവനുമുള്ള കുട്ടികളെ രസിപ്പിക്കാന്‍ തുടങ്ങിയിട്ട് മിക്കിമൗസ് 90 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷമാണിത്. ലോകത്തിലെ ഏറ്റവും വലിയ പുഷ്പശില്‍പമാണിത്.

മിറക്കിള്‍ ഗാര്‍ഡനിലാണ് വിവിധ തരം പൂക്കള്‍കൊണ്ട് 18 മീറ്റര്‍ ഉയരമുള്ള മിക്കിമൗസിനെ നിര്‍മിച്ച് പ്രദര്‍ശിപ്പിക്കുന്നത്. അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്‍പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ “വമ്പന്‍” മിക്കിക്ക് സ്വന്തം. ഡിസ്നി കമ്പനിയുമായുള്ള ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് ശില്‍പ്പം രൂപകല്പന ചെയ്തത്. മലയാളി ശരത് എസ്. പിള്ളയുടെ നേതൃത്വത്തില്‍ നൂറു തൊഴിലാളികളുടെ ഒന്നരമാസത്തെ പരിശ്രമഫലമാണ് റെക്കോഡ് ശില്പം.

35 ടണ്‍ ഭാരം വരുന്ന ഒരു ലക്ഷത്തോളം പൂക്കളാണ് മിക്കിയുടെ നിര്‍മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഘടനയ്ക്കു മാത്രം ഏഴ് ടണ്‍ ഭാരമുണ്ട്.
ഉരുക്ക് കമ്പികളുപയോഗിച്ച് മിക്കി മൗസിന്റെ മാതൃക തയ്യാറാക്കി സ്ഥാപിച്ച ശേഷം ഇതില്‍ ചെടികള്‍ വെച്ച് പിടിപ്പിക്കുകയായിരുന്നു. മിറക്കിള്‍ ഗാര്‍ഡനും വാള്‍ട്ട് ഡിസ്നി കമ്പനിയുമായുള്ള ധാരണപ്രകാരം ഈ വര്‍ഷം നവംബറില്‍ ശൈത്യകാലത്ത് മിറക്കിള്‍ ഗാര്‍ഡന്‍ തുറക്കുമ്പോള്‍ ആറു പുതിയ ഡിസ്നി കഥാപാത്രങ്ങളുടെ ശില്പങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്കായി ഒരുങ്ങും.

Latest