Connect with us

Kerala

പി പി ഉസ്താദിനെ ഓര്‍ക്കുമ്പോള്‍

Published

|

Last Updated

വലിയ സംഘാടകനും പ്രഭാഷകനും എഴുത്തുകാരനും മുദര്‍രിസും പണ്ഡിതനുമെല്ലാമായിരുന്നു പി പി ഉസ്താദ്. മനക്കരുത്ത് പ്രകടിപ്പിച്ച, സുന്നത്ത് ജമാഅത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.
സിറാജ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന കൂടിയാലോചനാ സമിതിയില്‍ ഉസ്താദ് ഉണ്ടായിരുന്നു. മര്‍കസിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തകനായിരുന്നു. മര്‍കസിലെ ആദ്യ സംരംഭമായ പള്ളി ദര്‍സ് ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ യൂനിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെ സെക്രട്ടറി, വൈസ് പ്രസിഡന്റ്,സുപ്രീം കൗണ്‍സില്‍ അംഗം വരെയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മര്‍ഹും ഇ കെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും കാന്തപുരം ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്ത് സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഊര്‍ജിതവുമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ പി പി ഉസ്താദ് മുന്നിലുണ്ടായിരുന്നു. സംഘടനയുടെ വിഷയത്തില്‍ എന്ത് പ്രയാസങ്ങള്‍ സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. എസ് എം എ രൂപവത്കരിക്കാന്‍ അദ്ദേഹമാണ് മുന്നിട്ടിറങ്ങിയിരുന്നത്. നരിക്കുനിയില്‍ ഒരു ദീനീ സംരംഭത്തിന്റെ അനിവാര്യത മനസ്സിലാക്കിയാണ് അദ്ദേഹം ബൈത്തുല്‍ ഇസ്സ ആരംഭിച്ചത്. കൃത്യമായ കാഴ്ചപ്പാടുകളുള്ള മത പണ്ഡിതനും നിരവധി ശിഷ്യന്മാരുള്ള മുദര്‍രിസുമായിരുന്നു അദ്ദേഹം. മരിക്കുന്നത് വരെ നരിക്കുനി ബൈത്തുല്‍ ഇസ്സയില്‍ അദ്ദേഹത്തിന് ദര്‍സ് ഉണ്ടായിരുന്നു.

ലാഭനഷ്ടങ്ങള്‍ നോക്കാതെ കൃത്യവും കര്‍ക്കശവുമായ നിലപാടുകള്‍ സ്വീകരിക്കുകയും അത് വെട്ടിത്തുറന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റെത്.

പാറന്നൂര്‍ പുല്ലില്‍ പുറായില്‍ അബ്ദുര്‍റഹ്മാന്‍ കുട്ടി ഹാജിയുടെയും മര്‍യം ഹജ്ജുമ്മയുടെയും മൂത്ത മകനായി 1947 ലാണ് ജനനം. 1961-ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നെ പള്ളിദര്‍സില്‍ പഠിച്ചു.
1967 ല്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ബിരുദ പഠനത്തിനു ചേര്‍ന്നു. 1971 ലാണ് ഫൈസി ബിരുദം നേടി പുറത്തിറങ്ങിയത്. ആ വര്‍ഷം തന്നെ വീര്യമ്പ്രം ജുമുഅത്ത് പള്ളി ദര്‍സിലെ മുര്‍ദരിസായി. അതേ സമയം പാലങ്ങാട് ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സദര്‍ മുഅല്ലിമായും സേവനമനുഷ്ഠിച്ചിരുന്നു. 1974 ല്‍ എടത്തില്‍ ജുമുഅത്ത് പള്ളി ഖാളിയായി. എവിടെപ്പോയാലും, ജോലിയില്‍ ചേര്‍ന്നാലും സംഘടന വിട്ടുള്ള കളി അക്കാലത്തുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, സംഘടനാപ്രവര്‍ത്തനത്തിന് സമയവും സൗകര്യവും സ്വാതന്ത്ര്യവും അനുവദിക്കുന്നിടത്തേ ജോലി ചെയ്യാന്‍ തയ്യാറായിരുന്നുള്ളൂ.
പി പി ഉസ്താദിന്റ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കിക്കൊടുക്കട്ടെ.

 

 

 

Latest