വ്യോമാക്രമണം: ഘൗട്ടയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായവുമായി ഖത്വര്‍ ചാരിറ്റി

Posted on: February 27, 2018 10:14 pm | Last updated: February 27, 2018 at 10:24 pm

ദോഹ: ആഭ്യന്തര കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ വിദേശ രാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ട സിറിയയിലെ ഘൗട്ട പ്രവിശ്യയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായവുമായി ഖത്വര്‍ ചാരിറ്റിയെത്തി.
മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയുള്ള സഹായത്തിന്റെ ആദ്യഘട്ടത്തില്‍ 2.2 ദശലക്ഷം റിയാല്‍ ചെലവുവരുന്ന അടിസ്ഥാന ആവശ്യങ്ങളാണ് നല്‍കിയത്. രാജ്യത്തെ ആയിരക്കണക്കിന് ജനങ്ങളുടെ സഹകരണത്തോടെയാണ് ഖത്വര്‍ ചാരിറ്റി സിറിയയിലെ ഘൗട്ടയില്‍ ദുരിതാശ്വാസ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഖത്വര്‍ ചാരിറ്റി എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ ഫഹൈദ പറഞ്ഞു.
ഭക്ഷണപ്പൊതികള്‍, ഫാസ്റ്റ് ഫുഡ്, മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും, ആംബുലന്‍സുകള്‍, പുതപ്പുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സഹായമാണ് ദുരിത ബാധിത പ്രദേശത്ത് ഖത്വര്‍ ചാരിറ്റി നല്‍കി വരുന്നത്.
തുടര്‍ച്ചയായി വ്യോമാക്രമങ്ങളുള്‍പ്പെടെ സൈനിക നീക്കം നടക്കുന്ന പ്രദേശത്ത് ആയിരക്കണക്കിന് സിറിയന്‍ പൗരന്മാരാണ് ദുരിതമനുഭവിക്കുന്നത്. ഇവരെ സഹായിക്കാന്‍ ഖത്വറിലെ ജനങ്ങളോട് ഖത്വര്‍ ചാരിറ്റി സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്.
2011 ഏപ്രില്‍ മുതല്‍ 2017 അവസാനത്തോടെ, ഭക്ഷണം, അഭയം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ 16.2 ദശലക്ഷം അഭയാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയില്‍ 544.5 ദശലക്ഷം റിയാല്‍ ചെലവിട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കിയതായും ഫൈസല്‍ അല്‍ ഫഹൈദ പറഞ്ഞു. പദ്ധതിയിലേക്ക് സംഭാവന നല്‍കിയവരോട് അദ്ദേഹം നന്ദി പറഞ്ഞു.