ബിജെപി നേതാവിന്റെ വാഹനമിടിച്ച് ഒമ്പത് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Posted on: February 27, 2018 12:47 pm | Last updated: February 27, 2018 at 12:47 pm

പാറ്റ്‌ന: ബീഹാറിലെ മുസാഫര്‍നഗറില്‍ ബിജെപി നേതാവ് ഓടിച്ച വാഹനമിടിച്ച് ഒമ്പത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബിജെപി നേതാവായ മനോജ് ബെയ്ത്ത ഓടിച്ച കാറിടിച്ചാണ് വിദ്യാര്‍ഥികള്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ശനിയാഴ്ചയാണ് സംഭവം. മുസാഫര്‍നഗറിലെ സര്‍ക്കാര്‍ സ്‌കൂളിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന വാഹനം കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒമ്പത് പേര്‍ മരിച്ചു. സംഭവത്തില്‍, ബെയ്ത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.

മനോജ് ബയ്ത്ത അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നത് അടക്കമുള്ള സമരത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ കേസില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മനോജ് ബയ്ത്തയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു.