കിംഗ്‌സ് ഇലവനെ അശ്വിന്‍ നയിക്കും

Posted on: February 27, 2018 10:01 am | Last updated: February 27, 2018 at 10:01 am

മുംബൈ: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ താരമായ അശ്വിനെ ഐ പി എല്‍ ലേലത്തില്‍ 7.60 കോടി രൂപക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ആയിരുന്നു പഞ്ചാബിനെ നയിച്ചത്. മാക്‌സ്വെല്ലിനെ ഇത്തവണ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.

ഇത് ആദ്യമായാണ് ഐ പി എല്ലില്‍ ഒരു ടീമിനെ അശ്വിന്‍ നയിക്കുന്നത്. 21ാം വയസ്സില്‍ തമിഴ്‌നാട് ക്രിക്കറ്റ് ടീമിനെ നയിച്ച അനുഭവമാണ് അശ്വിന് കൈമുതലായുള്ളത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍സി തനിക്ക് അധിക സമ്മര്‍മുണ്ടാക്കില്ലെന്ന് അശ്വിന്‍ പ്രതികരിച്ചു.
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ടീം ഡയറക്ടറും കോച്ചുമായ വീരേന്ദ്ര സേവാഗ് ഫേസ്ബുക് ലൈവിലൂടെയാണ് അശ്വിന്‍ ക്യാപ്റ്റനാകുന്ന കാര്യം ഇന്നലെ പ്രഖ്യാപിച്ചത്.

കപില്‍ ദേവ്, വസീം അക്രം, വഖാര്‍ യൂനുസ് തുടങ്ങിയവരുടെ ആരാധകനായ താന്‍, ഒരു ബൗളര്‍ തന്നെ ടീമിനെ നയിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സേവാഗ് പറഞ്ഞു.
ഇതിനകം 111 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 24.99 ആണ് ശരാശരി.