Connect with us

Gulf

വോഡാഫോണ്‍ ഖത്വര്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുന്നു

Published

|

Last Updated

ദോഹ: ഖത്വറില്‍ വൊഡാഫോണ്‍ ഓഹരി ഖത്വര്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുന്നു. ഓഹരി പങ്കാളിയായ ഖത്വര്‍ ഫൗണ്ടേഷന് തങ്ങളുടെ മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ വൊഡാഫോണ്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ വോഡാഫോണിന്റെ മുഴുവന്‍ ഓഹരിയും ഖത്വറിന് സ്വന്തമാകും. അതേസമയം ഭാവിയിലെ പങ്കാളിത്ത കരാര്‍ പ്രകാരം വൊഡാഫോണിന്റെ റെഡ് ബ്രാന്‍ഡ് ഖത്വറില്‍ തുടരും.
വൊഡാഫോണ്‍ ഓഹരിപങ്കാളിത്തം 371 മില്യണ്‍ ഡോളറിന് വില്‍ക്കുന്നതിനാണ് ധാരണയിലെത്തിയിരിക്കുന്നത്. സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരി വൊഡാഫോണിനും 49ശതമാനം ഖത്വറിനുമെന്ന ധാരണയില്‍ നിലവില്‍ ഖത്വറില്‍ വൊഡാഫോണും ഖത്വര്‍ ഫൗണ്ടേഷനും ഉള്‍പ്പെട്ട സംയുക്ത സംരംഭത്തില്‍ 45 ശതമാനമാണ് ഖത്വര്‍ ഫൗണ്ടേഷന്റെ ഓഹരി പങ്കാളിത്തം. അവശേഷിക്കുന്ന അവശേഷിക്കുന്ന ഓഹരികള്‍ ഖത്വര്‍ സര്‍ക്കാരിനും മറ്റു നിക്ഷേപകര്‍ക്കുമാണ്.
ഈ സാഹചര്യത്തില്‍ തങ്ങളുടെ ഓഹരി ഖത്വര്‍ ഫൗണ്ടേഷന് വില്‍ക്കാനാണ് വൊഡാഫോണിന്റെ തീരുമാനം. അഞ്ചുവര്‍ഷത്തേക്ക് ഒപ്പുവെക്കുന്ന പങ്കാളിത്തകരാര്‍ പ്രകാരം വില്‍പ്പനക്കുശേഷവും വൊഡാഫോണിന്റെ ബ്രാന്‍ഡ് ഖത്വറില്‍ തുടരും. വ്യവസായ മൂല്യം 1.45ബില്യണ്‍ യൂറോയാണ്. ഖത്തര്‍ ഫൗണ്ടേഷനുമായി ശക്തമായ പ്രവര്‍ത്തനബന്ധമാണുള്ളതെന്നും സംയുക്ത സംരംഭത്തില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാനായിട്ടുണ്ടെന്നും വൊഡാഫോണിന്റെ ആഫ്രിക്ക മിഡില്‍ഈസ്റ്റ് ഏഷ്യ പസഫിക് മേഖലാ തലവന്‍ വിവേക് ബദരീനാഥ് പറഞ്ഞു. മൊബൈല്‍, ഫിക്‌സഡ് ലൈന്‍ വിഭാഗങ്ങളിലായി 14 ലക്ഷം ഉപഭോക്താക്കളാണ് വൊഡാഫോണിനുള്ളത്.

 

Latest