Connect with us

Education

വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് പിടിച്ചുവെക്കരുതെന്ന് സ്‌കൂളുകളോട് സി ബി എസ് ഇ

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പരീക്ഷകളിലെ മോശം പ്രകടനം അടക്കമുള്ള ഒരു സാഹചര്യത്തിലും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അഡ്മിറ്റ് കാര്‍ഡ് സ്‌കൂളുകള്‍ പിടിച്ചുവെക്കരുതെന്ന് സി ബി എസ് ഇ കര്‍ശന നിര്‍ദേശം നല്‍കി. അഫിലിയേറ്റ് ചെയ്ത എല്ലാ സ്‌കൂളുകളുടെയും മേധാവികള്‍ക്ക് സി ബി എസ് ഇ ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

അഡ്മിറ്റ് കാര്‍ഡുകള്‍ പിടിച്ചുവെക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ചില സ്‌കൂളുകള്‍ കാര്‍ഡ് നല്‍കുന്നതിന് പ്രത്യേകം നിരക്കും ഈടാക്കുന്നതായി പരാതിയുണ്ട്. സ്‌കൂളുകള്‍ സ്വന്തം നിലയില്‍ നടത്തുന്ന പരീക്ഷകളിലെ പ്രകടനം മോശമായാലാണ് വിദ്യാര്‍ഥികളുടെ പൊതു പരീക്ഷ പ്രവേശന കാര്‍ഡ് പിടിച്ചുവെക്കുന്നത്.

ഇക്കാര്യം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ കെ കെ ചൗധരി പറഞ്ഞു. പരീക്ഷക്ക് ഹാജരാകുന്നതില്‍ നിന്ന് യോഗ്യരായ വിദ്യാര്‍ഥികളെ സ്‌കൂള്‍ മേധാവിമാര്‍ ഒരു തരത്തിലും തടയരുതെന്ന സി ബി എസ് ഇ പരീക്ഷ നിയമങ്ങളിലെ ചട്ടം 15 ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. സ്‌കൂളുകള്‍ നല്‍കുന്ന അന്തിമ പട്ടികയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സി ബി എസ് ഇ അഡ്മിറ്റ് കാര്‍ഡ് നല്‍കുന്നത്. സ്‌കൂളുകള്‍ തന്നെ സ്ഥിരീകരിച്ച യോഗ്യത പിന്നീട് ദുര്‍ബലപ്പെടുന്നതെങ്ങനെയെന്ന് ചൗധരി ചോദിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള സി ബി എസ് ഇ പരീക്ഷ അടുത്ത മാസം അഞ്ചിന് ആരംഭിക്കും.

 

Latest