കൊലയാളി സംഘം തുടര്‍ച്ചയായി രണ്ട് ദിവസം ഷുഹൈബിനെ പിന്തുടര്‍ന്നു

Posted on: February 26, 2018 9:26 pm | Last updated: February 26, 2018 at 9:26 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പോലീസിന് ലഭിച്ചു. കൊലയാളി സംഘം തുടര്‍ച്ചയായി രണ്ട് ദിവസം ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു.

ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്ന പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. ഒപ്പം ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.

ഫെബ്രുവരി 11,12 തീയ്യതികളില്‍ വാടകയക്കെടുത്ത കാറില്‍ ഇവര്‍ ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു. ഷുഹൈബിനൊപ്പം കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കാതെ മടങ്ങി. പതിനൊന്നാം തീയതി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഷുഹൈബ്് പോയതും ആക്രമിസംഘത്തിന് വിനയായി. പന്ത്രണ്ടാം തീയതി രാവിലെ ഷുഹൈബിനെ പിന്തുടരുന്നതിനിടെ വെളളപ്പറമ്പില്‍ വെച്ചാണ് വാള്‍ നഷ്ടപ്പെട്ടത്. ആ വാള്‍ രണ്ട് ദിവസത്തിനകം തന്നെ പൊലീസ് കണ്ടെടുത്തു.

12ാം തീയ്യതി വൈകുന്നേരമാണ് ആകാശ് തില്ലങ്കേരി അക്രമി സംഘത്തിനൊപ്പം ചേര്‍ന്നത്. പന്ത്രണ്ടാം തീയതി രാത്രി 10.50 നാണ് തെരൂരിലെ തട്ടുകടയില്‍ വെച്ച് അക്രമി സംഘത്തിന് ഷുഹൈബിനെ ആക്രമിക്കാനാനുളള സാഹചര്യം കിട്ടിയത്.

കൊലപാതകത്തില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്.