ഉപരോധം മറികടക്കാനുള്ള നടപടികളിൽ ഖത്വരികൾ സംതൃപ്തർ

Posted on: February 26, 2018 8:52 pm | Last updated: February 26, 2018 at 8:52 pm
ദോഹ: സഊദി സഖ്യരാജ്യങ്ങള്‍ രാജ്യത്തിനുമേല്‍ ചുമത്തിയ ഉപരോധത്തെ അതിജീവിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളില്‍ രാജ്യത്തെ 98 ശതമാനം സ്വദേശികളും തൃപ്തരെന്ന് പഠന റിപ്പോര്‍ട്ട്. ഉപരോധത്തെ അതിജീവിക്കാനുള്ള കരുത്ത് ഖത്വറിനുണ്ടെന്ന് വിശ്വസിക്കുന്നവര്‍ 88 ശതമാനമാണെന്നും ഖത്വര്‍ സര്‍വകലാശാല സോഷ്യല്‍-എക്കണോമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം പറയുന്നു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ 80 ശതമാനത്തിലധികം സ്വദേശികളും ശുഭപ്രതീക്ഷയുള്ളവരാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍വേ ഫലത്തില്‍ വിശദമാക്കുന്നു. കഴിഞ്ഞ നവംബറിലാണ് പതിനെട്ടിനും അതിനു മുകളിലും പ്രായമുള്ള 889 സ്വദേശികളില്‍ സര്‍വേ നടത്തിയത്. ഉപരോധത്തില്‍ രാജ്യത്തെക്കുറിച്ചുള്ള പൗരന്മാരുടെ നിയമ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വീക്ഷണമാണ് സര്‍വേയിലൂടെ ശേഖരിച്ചത്. രാജ്യത്തിന്റെ വ്യവസായ, വ്യാപാരങ്ങളില്‍ 84 ശതമാനം സ്വദേശികളും ശുഭാപ്തിക്കാരാണ്. രാജ്യത്തെ വ്യവസായ, വ്യാപാരത്തിന്റെ ഭാവിയെക്കുറിച്ച് ഉപരോധത്തിന് മുമ്പ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചത് 72 ശതമാനമായിരുന്നെങ്കില്‍ ഉപരോധത്തിന് ശേഷം അത് 96 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
സ്വദേശികളില്‍ 77 ശതമാനം പേര്‍ രാജ്യത്ത് നിരവധി നിക്ഷേപ അവസരങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. 34 ശതമാനം പേര്‍ പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ തയ്യാറെടുക്കുന്നവരാണ്. രാജ്യത്തെ ഉത്പന്നങ്ങളുടെ വില ഉയര്‍ന്നതല്ലെന്നാണ് 31 ശതമാനം സ്വദേശികളുടെ അഭിപ്രായം. അതേസമയം ഉത്പന്നങ്ങള്‍ക്ക് വിലക്കൂടുതലാണെന്ന് 27 ശതമാനം പേരും ഏതാനും ഉത്പന്നങ്ങളുടെ മാത്രം വിലയാണ് വര്‍ധിച്ചതെന്ന് 33 ശതമാനം പേരും പ്രതികരിച്ചു. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണെന്ന് 88 ശതമാനം പേരും 71 ശതമാനം പേരും വിപണിയില്‍ ഉത്പന്നങ്ങളുടെ സുലഭതയും ചൂണ്ടിക്കാട്ടി. സാമൂഹിക കാഴ്ചപ്പാടില്‍ 75 ശതമാനം സ്വദേശികളുടേയും ബന്ധുക്കള്‍ ഉപരോധ രാജ്യങ്ങളിലുണ്ട്. ഗള്‍ഫുമായുള്ള ആഴത്തിലുള്ള സാമൂഹിക, മത, സാംസ്‌കാരിക ബന്ധത്തെയാണ് ഇതിലൂടെ പ്രകടമാകുന്നത്.