എംഎം അക്ബറിനെ എന്‍ഐഎയും ഐബിയും ചോദ്യം ചെയ്തു

Posted on: February 26, 2018 8:16 pm | Last updated: February 27, 2018 at 9:52 am

കൊച്ചി: മതസ്പര്‍ദ്ദ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സലഫി പ്രചാരകന്‍ എംഎം അക്ബറിനെ എന്‍ഐഎയും ഐബിയും ചോദ്യം ചെയ്തു. പീസ് സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകര്‍ ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം അക്ബറിനോട് ആരാഞ്ഞത് എന്നാണ് സൂചന.

കൊച്ചി അസി. കമ്മീഷനറുടെ നേതൃത്വത്തിലുള്ള സംഘവും അക്ബറിനെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ വിവാദ പാഠഭാഗം അനുചിതമാണെന്ന് മനസ്സിലാക്കിയതിനാല്‍ അത് പഠിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി അക്ബര്‍ പോലീസിനോട് പറഞ്ഞു. മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്നും വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് അബദ്ധത്തിലാണെന്നുമാണ് അക്ബര്‍ മൊഴി നല്‍കിയത്.

പ്രതി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണോയെന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

ആസ്‌ത്രേലിയയില്‍ നിന്ന് ദോഹയിലേക്ക് പോകുന്നതിനിടെ ഹൈദരബാദ് വിമാനത്താവളത്തില്‍ വെച്ച് ശനിയാഴ്ച രാത്രിയാണ് അക്ബര്‍ പിടിയിലായത്. ഇയാളെ എറണാകുളം നോര്‍ത്ത് എസ് ഐ. വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തിച്ച് എ സി പി. കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

2016 ഒക്‌ടോബറിലാണ് എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നിന്ന് മതസ്പര്‍ധയുളവാക്കുന്ന പാഠ ഭാഗങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെ തുടര്‍ന്ന് പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അക്ബര്‍ വിദേശത്തേക്കും കടന്നു. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്. കേസില്‍ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.