Connect with us

National

നോട്ട് നിരോധനത്തിന് മുമ്പ് നീരവ് നിക്ഷേപിച്ചത് 90 കോടി

Published

|

Last Updated

ന്യൂഡല്‍ഹി: 11,400 കോടിയുടെ പി എന്‍ ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള രത്‌നവ്യാപാരി നീരവ്, നോട്ട് നിരോധനത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് തൊണ്ണൂറ് കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചുവെന്നാണ് എന്‍ സി പിയുടെ പാര്‍ലിമെന്റംഗവും ക്രിമിനല്‍ അഭിഭാഷകനുമായ മജീദ് മേമന്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ ശാഖയിലാണ് ഈ നിക്ഷേപം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനെ കുറിച്ച് നീരവിന് നേരത്തേ വിവരം ലഭിച്ചെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൃത്യമായ അന്വേഷണം നടന്നാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും മജീദ് മേമന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നീരവിന്റെ കമ്പനിയില്‍ വജ്രാഭരണങ്ങള്‍ വാങ്ങി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഈ ആരോപണം ആവര്‍ത്തിച്ച മേമന്‍, ഇങ്ങനെ നിക്ഷേപിക്കാന്‍ ആരാണ് നിര്‍ദേശിച്ചതെന്നും ചോദിക്കുന്നു. നീരവും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷനല്‍ ബേങ്കിനെ പറ്റിച്ച് കോടികള്‍ കൈക്കലാക്കിയെന്നാണ് സി ബി ഐ കണ്ടെത്തിയത്. ഇരുവരും ഇപ്പോള്‍ വിദേശത്താണ്. ഇവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഇരുവരുടെയും സ്വത്തുവകകള്‍ മരവിപ്പിച്ചിരിക്കുകയാണ്.
അതിനിടെ, തട്ടിപ്പിന്റെ എല്ലാ വിശദാംശങ്ങളും കേന്ദ്ര സര്‍ക്കാറിലെ ഉന്നതര്‍ക്ക് നേരത്തേ അറിയാമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. തട്ടിപ്പ് തടയുന്നതില്‍ ബേങ്കിംഗ് റഗുലേറ്റര്‍മാര്‍ പരാജയപ്പെട്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുറ്റക്കെടുത്തിയതിന് പിറകേയാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്. എന്തിനാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. ധനമന്ത്രാലയമാണ് എല്ലാം അറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Latest