കോഴിക്കോട്ട് ലഗേജ് നഷ്ടം; പിന്നില്‍ രാജ്യാന്തര സംഘം

Posted on: February 25, 2018 10:10 pm | Last updated: February 25, 2018 at 10:10 pm

ദുബൈ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് യാത്രക്കാരുടെ വിലയേറിയ സാധനങ്ങള്‍ നഷ്ടമാകുന്നതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘങ്ങളെന്ന സൂചന ബലപ്പെടുന്നു.
അമേരിക്കയിലെ സാന്‍ യുവാന്‍ ദ്വീപില്‍ നിന്നും ന്യൂയോര്‍ക്ക് – ദോഹ വഴി കരിപ്പൂരില്‍ എത്തിയ യാത്രക്കാരന്റെ രണ്ടര ലക്ഷം രൂപയുടെ വില വരുന്ന സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. 24ന് പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിയ ഡോ. അനീസ് അറക്കലിന്റെ ലഗേജിലാണ് മോഷണം നടന്നതിന്റെ പശ്ചാതലത്തിലാണ് ഇത്തരമൊരു ആശങ്ക രൂപപ്പെടുന്നത്.

പൊന്നാനി സ്വദേശിയായ, കോഴിക്കോട് താമസിക്കുന്ന ഡോ. അനീസ് അറക്കല്‍ എന്ന യാത്രക്കാരന്റെ രണ്ടു വലിയ ബാഗുകള്‍ തുറന്ന് പരിശോധിച്ച നിലയിലാണ്. നമ്പര്‍ ലോക്ക് പൊട്ടിച്ചിട്ടുണ്ട്, സഹോദരിയുടെ വിവാഹത്തിനായി വാങ്ങിയ വില കൂടിയ അഞ്ചു വാച്ചുകള്‍, ബ്രാന്‍ഡഡ് സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
കൊള്ളയടിക്കപ്പെട്ട ബാഗില്‍ മറ്റൊരാളുടെ ജാക്കറ്റ് ലഭ്യമായി. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള സാന്‍ യുവാന്‍ ദ്വീപില്‍ നിന്നും 22ന് രാവിലെ 11.58 നാണ് യാത്ര പുറപ്പെട്ടത്. ഉച്ചക്ക് 2.59 ന് ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തില്‍ ഇറങ്ങി.

ജെറ്റ് ബ്ലൂ എയര്‍ലൈന്‍സിലാണ് ഡോ. അനീസ് അറക്കല്‍ യാത്ര ആരംഭിച്ചത്. പിന്നീടുള്ള യാത്ര ന്യൂയോര്‍ക്കില്‍ നിന്നും കരിപ്പൂര്‍ വരെ ഖത്വര്‍ എയര്‍വെയ്‌സിലാണ്. 23ന് വൈകുന്നേരം 7.15 നാണ് ഖത്വറില്‍ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ടത്. രാവിലെ രണ്ടു മണിയോടെ ഖത്വര്‍ എയര്‍വെയ്‌സിന്റ ക്യു. ആര്‍ 536 വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി ലഗേജുകള്‍ യാത്രക്കാര്‍ക്ക് കിട്ടി. കൂടിപ്പോയാല്‍ 20 മിനുറ്റിനുള്ളില്‍ ലഗേജുകള്‍ ലഭ്യമായതായി ഡോ. അനീസ് അറക്കല്‍ പറഞ്ഞു.

രാജ്യാന്തര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് കോഴിക്കോടും അനുയായികളുണ്ടെന്നാണ് സംശയമുയരുന്നത്. കഴിഞ്ഞദിവസം സാധനങ്ങള്‍ നഷ്ടമായ ബാഗേജുകളില്‍ കണ്ട ചില പ്രത്യേക അടയാളങ്ങളാണ് സംശയം ബലപ്പെടുത്തുന്നത്.
രാജ്യാന്തര വിമാനത്താവളങ്ങളിലെ എക്സ്റേ പരിശോധനാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും കോഴിക്കോട് വിമാനത്താവളത്തിലെ ഗ്രൗണ്ട്സ്റ്റാഫും തമ്മിലുള്ള ബന്ധമാണ് അധികൃതര്‍ പരിശോധിക്കുന്നത്. രാജ്യാന്തര വിമാനത്താവളങ്ങളില്‍ എക്സ്റേ പരിശോധിക്കുന്ന ജീവനക്കാര്‍ക്ക് അതില്‍ എന്താണുള്ളതെന്നു കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരം വിലയേറിയ സാധനങ്ങളടങ്ങിയ ബാഗേജില്‍ ചില പ്രത്യേക അടയാളങ്ങളിടും. കോഴിക്കോട് വിമാനത്താവളത്തില്‍ സംഘാംഗങ്ങള്‍ ബാഗേജുകള്‍ തുറന്ന് സാധനങ്ങള്‍ കൈക്കലാക്കും.

വിമാന കണ്ടെയ്‌നറില്‍നിന്ന് സാധനങ്ങള്‍ പുറത്തിറക്കുമ്പോള്‍ ഇത്തരത്തിലുള്ള ബാഗേജുകള്‍ മാറ്റിവെക്കും. സുരക്ഷാജീവനക്കാരും വിമാനക്കമ്പനി സുരക്ഷാജീവനക്കാരും പോയ ശേഷമായിരിക്കും ഇത്തരം ബാഗേജുകളിലെ സാധനങ്ങള്‍ മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം സാധനങ്ങള്‍ നഷ്ടമായ പലര്‍ക്കും വൈകിയാണ് ബാഗേജുകള്‍ ലഭ്യമായത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരത്തിലുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയായതിനെത്തുടര്‍ന്ന് ദുബൈയിലും കോഴിക്കോടും കേന്ദ്രീകരിച്ച് എയര്‍ ഇന്ത്യ അന്വേഷണം നടത്തിയിരുന്നു. അന്ന് സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ ഏതാനുംപേരെ എയര്‍ ഇന്ത്യ സ്ഥലംമാറ്റി. ഇതില്‍ ചിലര്‍ ഇപ്പോള്‍ കോഴിക്കോട്ടുതന്നെ തിരിച്ചെത്തിയതായി സൂചനയുണ്ട്.
ബാഗേജുകളില്‍നിന്ന് സാധനങ്ങള്‍ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ദുബൈ വിമാനത്താവള അധികൃരുടെ സഹായം തേടിയിട്ടുണ്ട്. ടെര്‍മിനലിലെ സി സി ടി വി ക്യാമറകള്‍ പരിശോധിക്കാനും സംഭവത്തില്‍ അന്വേഷണം നടത്താനുമാണ് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ടെര്‍മിനലില്‍ ധാരാളം വിദേശികളും ജോലി ചെയ്യുന്നു. സാധനങ്ങള്‍ വിമാനത്തില്‍ കയറ്റുന്ന സ്ഥലത്തെ ജോലിക്കാരെയാണ് പ്രധാനമായും സംശയിക്കുന്നത്. എന്നാല്‍ വിലയേറിയ സാധനങ്ങള്‍ അടങ്ങിയ ബാഗേജ് ഇവര്‍ക്ക് തനിച്ച് തിരിച്ചറിയാനാകില്ല. അതിനാല്‍തന്നെ എയര്‍ ഇന്ത്യയുടെ എക്സ്റേ പരിശോധനാവിഭാഗത്തിന് സംഭവത്തില്‍ കൈകഴുകാനാകില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.