Connect with us

Gulf

ഖത്വറിൽ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി

Published

|

Last Updated

ദോഹ: രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നഴ്‌സറികള്‍ ഉള്‍പ്പെടെ രാജ്യത്തെ 27 സ്വകാര്യ സ്‌കൂളുകള്‍ക്കാണ് നിലവിലുള്ള ഫീസില്‍ നിന്ന് രണ്ടുമുതല്‍ ഇരുപത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിംഗ് വിഭാഗം ഡയറക്ടറുമായി ഹമദ് അല്‍ഗാലിയാണ് ഇക്കാര്യം അറിയിച്ചത്. ന്യായമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 27 സ്‌കൂളുകളുടെ ആവശ്യ അംഗീകരിച്ചത്. ഇതില്‍ 24 സ്‌കൂളുകള്‍ക്കും മൂന്ന് നഴ്‌സറികള്‍ക്കുമാണ് ഫീസ് വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
സ്‌കൂളുകളുടെ പ്രവര്‍ത്തന ശേഷി, കൃത്യമായ വാടക നല്‍കല്‍, കെട്ടിട കൈമാറ്റ ചെലവ്, സാമ്പത്തിക ആവശ്യങ്ങള്‍, നഷ്ടം തുടങ്ങിയവ സംബന്ധിച്ച യഥാര്‍ഥ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടായിരുന്നു 27 സ്‌കൂളുകളും ഫീസ് വര്‍ധനക്കായി അവകാശവാദമുന്നയിച്ചിരുന്നത്. ഇതോടൊപ്പം ഈ അധ്യയന വര്‍ഷത്തെക്കുള്ള പ്രവേശനം തുടങ്ങുന്നതിന് മുമ്പ് തന്നെ പരിഷ്‌ക്കരിച്ച ഫീസ് ഘടന രക്ഷിതാക്കളെ അറിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകനായ താരിഖ് അല്‍ അബ്ദുല്ല നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ പ്രവേശന പ്രക്രിയയില്‍ പൂര്‍ണമായ സുതാര്യതയും ന്യായവും ഉറപ്പാക്കാന്‍ മന്ത്രാലയം പരിശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്താകെയുള്ള 278 സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് 144 സ്‌കൂളുകളാണ് ഫീസ് വര്‍ധനക്കായി വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ച നടത്തിയ പരിശോധനയില്‍ 29 സ്‌കൂളുകളുടെ ആവശ്യം അന്യായമാണെന്ന് കണ്ടെത്തി നിരാകരിക്കുകയായിരുന്നു. അവശേഷിക്കുന്നതില്‍ 115 സ്‌കൂളുകളില്‍ 88 സ്‌കൂളുകള്‍ ശരിയായ റെക്കോര്‍ഡുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഒപ്പം സ്‌കൂള്‍ നടത്തിപ്പിലെ പിഴവുകള്‍ കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവയുമാണ്.